പുതുവര്‍ഷം ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ എത്തുന്നു രണ്ട് ഡസനോളം കാറുകള്‍

ചിപ്പ് ക്ഷാമം പുതിയ കാറുകളുടെ നിര്‍മാണത്തെയും ബാധിച്ചേക്കും

Update:2021-12-21 16:18 IST

Representation

പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ റോഡുകളിലേക്ക് എത്താന്‍ തയ്യാറായി രണ്ട് ഡസനോളം കാറുകളാണ് ഒരുങ്ങുന്നത്. പ്രീമിയം, ലക്ഷ്വറി സെഗ്മെൻ്റില്‍ ഉള്‍പ്പടെ കൂടുതല്‍ ഇലക്ട്രിക് മോഡലുകള്‍ 2022ല്‍ പ്രതീക്ഷിക്കുന്നുണ്ട്. ചാര്‍ജിംഗ് സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിക്കുന്നതിലൂടെ ഇലക്ട്രിക് വാഹന വില്‍പ്പനയിലും 2022 നേട്ടമുണ്ടാക്കും.

രാജ്യത്ത് എസ് യുവികളോടുള്ള പ്രിയം കൂടിവരുകയാണ്. വില്‍ക്കപ്പെടുന്ന 10 വാഹനങ്ങള്‍ എടുത്താല്‍ 4 എണ്ണവും ഇപ്പോള്‍ എസ് യുവികളാണ്. മാരുതി സുസുക്കിയുടെ ഉള്‍പ്പടെ എസ് യുവികള്‍ 2022ല്‍ എത്തും. എന്നാല്‍ ചിപ്പ് ക്ഷാമം പുതിയ കാറുകളുടെ നിര്‍മാണത്തെ ബാധിച്ചേക്കുമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

2022ൻ്റെ മധ്യത്തില്‍ സെമികണ്ടക്ടര്‍ ചിപ്പുകളടെ ക്ഷാമം പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിപ്പ് ക്ഷാമം മൂലം 2021-22 സാമ്പത്തിക വര്‍ഷം വാഹന നിര്‍മാതാക്കള്‍ക്ക് 1800-2000 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ഐസിആര്‍എ വിലയിരുത്തിയിരുന്നു.

മാരുതി സുസുക്കിയുടെ നാല് മോഡലുകള്‍

2022ല്‍ നാല് മോഡലുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസൂക്കി. വിറ്റാര ബ്രസ, ബലേനോ, ആള്‍ട്ടോ എന്നിവയുടെ പുതിയ മോഡലുകളാണ് എത്തുന്നത്. കൂടാതെ ഹ്യൂണ്ടായി ക്രെറ്റയ്ക്ക് എതിരാളിയായി മാരുതിയുടെ മിഡ് സൈസ് എസ് യുവിയും അടുത്ത വര്‍ഷം എത്തും.

മാരുതിയുടെ ബലേനോ, വിറ്റാര ബ്രസ എന്നിവ റീബ്രാന്‍ഡ് ചെയ്ത് ഇറക്കുന്ന ടൊയോട്ടയുടെ ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ എന്നിവയ്ക്കും പുതിയ പതിപ്പുകളെത്തും. കൂടാതെ ഒരു ചെറു എസ് യുവിയും ടൊയോട്ട ഇന്ത്യയില്‍ അവതരിപ്പിക്കും.

ഇന്ത്യന്‍ നിരത്തുകളില്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യൂണ്ടായി. ഇതിന്റെ ഭാഗമായി IONIQ 5 എന്ന ഇവി 2022ല്‍ എത്തും. പ്രീമിയം എസ് യുവി ടക്‌സണിന്റെ അടുത്ത ജനറേഷനും ഹ്യൂണ്ടായി അവതരിപ്പിക്കും. കൂടാതെ ഒരു എംപിവിയും ഹ്യൂണ്ടായിയുടേതായി എത്തും.

ഇലക്ട്രിക് കാര്‍ വിപണിയില്‍ മേധാവിത്വം തുടരുന്ന ടാറ്റ തങ്ങളുടെ ടിയാഗോ, ആല്‍ട്രോസ് മോഡലുകളുടെ ഇലക്ട്രിക് പതിപ്പ് 2022ല്‍ പുറത്തിറക്കും. നിലവിലുള്ള മോഡലുകളുടെ സിഎന്‍ജി മോഡലുകള്‍ അവതരിപ്പിക്കുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്. കൂടാതെ ഏതാനും പുതിയമോഡലുകളും ടാറ്റ അവതരിപ്പിച്ചേക്കും.

Tags:    

Similar News