പുതുവര്‍ഷത്തില്‍ നിരത്ത് കീഴടക്കാൻ ഈ പുത്തന്‍ വൈദ്യുത സ്‌കൂട്ടറുകളും ബൈക്കുകളും

വൈദ്യുത വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ ഹോണ്ടയും

Update:2023-12-30 16:04 IST

Image courtesy: canva

ഓല ഇലക്ട്രിക്, ടി.വി.എസ് മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഏഥര്‍ തുടങ്ങിയ കമ്പനികള്‍ വൈദ്യുത വാഹനങ്ങളുമായി കളത്തിലിറങ്ങിയതോടെ ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹന വിപണി അതിവേഗം വളരുകയാണ്. ഈ കമ്പനികളുടെ വ്യത്യസ്ത വൈദ്യുത സ്‌കൂട്ടറുകളെത്തിയതോടെ 2023ലെ വൈദ്യുത ഇരുചക്രവാഹന വ്യവസായം മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. ഈ കാലയളവില്‍ കമ്പനികള്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി. 2024ല്‍ നിരവധി വൈദ്യുത ഇരുചക്ര വാഹനങ്ങളാണ് നിരത്തുകള്‍ കീഴടക്കാനത്തുന്നത്.

ഹോണ്ട ആക്ടിവ ഇലക്ട്രിക്

ഇന്ത്യയിലെ മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട, കമ്പനിയുടെ ജനപ്രിയ സ്‌കൂട്ടറായ ആക്ടിവയുടെ വൈദ്യുത പതിപ്പ് 2024ല്‍ പുറത്തിറക്കിക്കൊണ്ട് വൈദ്യുത വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ഒറ്റ ചാര്‍ജില്‍ ഏകദേശം 100 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ടി.വി.എസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയോടാകും ഹോണ്ട ആക്ടിവ ഇലക്ട്രിക് മത്സരിക്കുക.

ഓല ഇലക്ട്രിക് ബൈക്കുകള്‍

വൈദ്യുത സ്‌കൂട്ടര്‍ വിഭാഗത്തില്‍ ആധിപത്യം നേടിയ ഓല വൈദ്യുത ബൈക്ക് വിഭാഗത്തിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ്. 2024 അവസാനത്തോടെ ഓല റോഡ്സ്റ്റര്‍, ഓല അഡ്വഞ്ചര്‍, ഓല ഡയമണ്ട്‌ഹെഡ്, ഓല ക്രൂയിസര്‍ എന്നിങ്ങനെ നാല് വൈദ്യുത ബൈക്കുകള്‍ കമ്പനി വിപണിയിലിറക്കുമെന്നാണ് സൂചന. 

ഹീറോ ഇലക്ട്രിക് എ.ഇ-47

2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഹീറോ ഇലക്ട്രിക് എ.ഇ-47 പുതുവര്‍ഷത്തില്‍ രാജ്യത്ത് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാറ്ററി ചാര്‍ജ് കുറയുമ്പോള്‍ ചാര്‍ജുള്ള ബാറ്ററിയുമായി എളുപ്പത്തില്‍ മാറ്റാന്‍ കഴിയുന്ന സ്വാപ്പ് സംവിധാനത്തോടെയാണ് ഇതെത്തുന്നതെന്ന് സൂചനയുണ്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ബൈക്കിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇലക്ട്രിക്

രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന കമ്പനികളിലൊന്നായ സുസുക്കി, 2024ല്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടറിന്റെ വൈദ്യുത പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചേക്കും. ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇലക്ട്രിക് 4kW മോട്ടോര്‍ കൊണ്ട് സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റ ചാര്‍ജില്‍ ഏകദേശം 100 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

വൈദ്യുത ഇരുചക്ര വാഹന വിപണിയില്‍ തിളങ്ങുന്ന മറ്റൊരു കമ്പനിയാണ് ഏഥര്‍. നിലവില്‍ ഇന്ത്യയില്‍ 450X എന്ന് വൈദ്യുത സ്‌കൂട്ടര്‍ വില്‍ക്കുന്ന ഏഥര്‍, 2024ല്‍ രാജ്യത്ത് ഒരു കുടുംബ സൗഹൃദ വൈദ്യുത സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. വേഗതയ്ക്കും രൂപഭംഗിക്കും പുറമേ ഒരു കുടുംബത്തിന് സൗകര്യപ്രദമായി സഞ്ചരിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ക്കാണ് കമ്പനി ഇതില്‍ പ്രാധാന്യം നല്‍കുന്നത്. ഇതോടൊപ്പം സ്പോര്‍ട്ടി ഡിസൈനിലുള്ള പ്രീമിയം വൈദ്യുത സ്‌കൂട്ടറും കമ്പനി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹീറോ ഇലക്ട്രിക് എഇ-8

ഒറ്റ ചാര്‍ജില്‍ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയും 80 കിലോമീറ്റര്‍ വരെ മൈലേജുമുള്ള വൈദ്യുത സ്‌കൂട്ടറായ ഹീറോ ഇലക്ട്രിക് എ.ഇ-8 2024ല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരാഗത രൂപകല്‍പ്പനയാണ് ഈ വൈദ്യുത സ്‌കൂട്ടറിന്റെ സവിശേഷത. പ്രധാനമായും ആദ്യമായി വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവരെ ലക്ഷ്യമിട്ടായിരിക്കും ഇത് നിരത്തിലെത്തുക. 

കെ.ടി.എം ഇ-ഡ്യൂക്ക്

ബജാജ് ഓട്ടോ 2024ന്റെ ആദ്യ പകുതിയില്‍ കെ.ടി.എം ഇ-ഡ്യൂക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബൈക്കില്‍ 5.5 കിലോവാട്ട് ബാറ്ററിയാകും ഉണ്ടാകുക. ഇത് 10 കിലോവാട്ട് പവര്‍ വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. കമ്പനിയുടെ ഇലക്ട്രിക് ബൈക്ക് ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ മൈലേജും വാഗ്ദാനം ചെയ്യുന്നു. 


Tags:    

Similar News