നെക്‌സോണിനോടും ബ്രെസയോടും മല്ലിടാന്‍ പുത്തന്‍ കിയ സോണെറ്റ് ഫെയ്സ്‌ലിഫ്റ്റ്

മികച്ച സുരക്ഷാ സംവിധാനങ്ങളുമായി എത്തുന്ന സോണെറ്റ് ഫെയ്സ്‌ലിഫ്റ്റിന്റെ വില കമ്പനി പ്രഖ്യാപിച്ചു

Update:2024-01-12 18:04 IST

Image courtesy: kia

കോംപാക്ട് എസ്.യു.വി വിഭാഗത്തിലെ മുന്‍നിരക്കാരായ ടാറ്റ നെക്‌സോണിനെയും മാരുതി സുസുക്കി ബ്രെസയേയും വെല്ലുവിളിച്ചുകൊണ്ട് പുത്തന്‍ കിയ സോണെറ്റ് ഫെയ്സ്‌ലിഫ്റ്റ് ഉടൻ നിരത്തിലെത്തും. കുറഞ്ഞ വിലയും മികച്ച സുരക്ഷാ സംവിധാനങ്ങളുമാണ് ഇതിന്റെ ഏറ്റവും ആകര്‍ഷകഘടകങ്ങള്‍.

വില ഇങ്ങനെ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ കോംപാക്ട് എസ്.യു.വിയുടെ വില കമ്പനി പ്രഖ്യാപിച്ചു. രണ്ട് പെട്രോള്‍ എന്‍ജിനുകളിലും ഒരു ഡീസല്‍ എന്‍ജിനിലും എത്തിയിട്ടുള്ള ഈ വാഹനത്തിന് 7.99 ലക്ഷം രൂപ മുതല്‍ 15.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 8.10 ലക്ഷം രൂപ മുതല്‍ 15.50 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയാണ് നെക്‌സോണിന്റെ വില. ബ്രെസയുടേത് 8.29 ലക്ഷം രൂപ മുതല്‍ 14.14 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയാണ്.

Image courtesy: kia

സുരക്ഷ പ്രധാനം

ഹ്യുണ്ടായ് വെന്യുവിന് ശേഷം അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റം (ADAS) അവതരിപ്പിക്കുന്ന കോംപാക്ട് എസ്.യു.വി വിഭാഗത്തിലെ രണ്ടാമത്തെ മോഡലാണിത്. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കികൊണ്ട് എ.ഡി.എ.എസ് അധിഷ്ഠിതമായ 10 ഫീച്ചറുകള്‍ ഉള്‍പ്പെടെ 25 സുരക്ഷാ സംവിധാനങ്ങളാണ് ഈ വാഹനത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇന്റീരിയറില്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് സെന്‍ട്രല്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവ് മോഡുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയെല്ലാമുണ്ട്.

Image courtesy: kia

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍

1.0 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ, 1.2 ലിറ്റര്‍ പെട്രോള്‍ നാച്വറലി ആസ്പിറേറ്റഡ്, 1.5 ലിറ്റര്‍ സി.ആര്‍.ഡി.ഐ. ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനിലാണ് സോണറ്റ് എത്തുന്നത്. ഇതില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 83 ബി.എച്ച് പവറും 115 എന്‍.എം ടോര്‍ക്കും നല്‍കുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 116 ബി.എച്ച് പവറും 250 എന്‍.എം. ടോര്‍ക്കും നല്‍കും. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൂട്ടത്തില്‍ ഏറ്റവും കരുത്തന്‍. ഇത് 120 ബി.എച്ച് പവറും 172 എന്‍.എം ടോര്‍ക്കുമാണ് സോണെറ്റ് ഫെയ്സ്‌ലിഫ്റ്റിന് നല്‍കുന്നത്.

Image courtesy: kia

പുത്തന്‍ കിയ സോണെറ്റ് ഫെയ്സ്‌ലിഫ്റ്റ് 19 വേരിയന്റുകളില്‍ ലഭ്യമാണ്. 11 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളാണ് വാഹനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 20,000 രൂപ അഡ്വാന്‍സ് തുക നല്‍കി കിയ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും പുത്തന്‍ സോണറ്റ് ബുക്കുചെയ്യാം. ഈ മാസം പകുതിയോടെ ഡെലിവറി ആരംഭിച്ചേക്കും.

Tags:    

Similar News