49.92 ലക്ഷം രൂപയ്ക്ക് എക്‌സ്-ട്രെയില്‍ അവതരിപ്പിച്ച് നിസാന്‍; ലോകത്തെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്.യു.വികളിലൊന്ന്
മോഡലിന്റെ 150 യൂണിറ്റാണ് നിലവില്‍ എത്തിക്കുക
ലോകത്തെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്.യു.വികളിലെ ആദ്യ അഞ്ച് മോഡലുകളില്‍ ഒന്നാണ് എക്സ്-ട്രെയില്‍. ഇതുവരെ അന്താരാഷ്ട്ര തലത്തില്‍ 78 ലക്ഷം യൂണിറ്റുകള്‍ ഈ മോഡലുകളുടെ വില്‍പ്പന നടന്നിട്ടുണ്ട്. ഇന്ത്യയില്‍ പ്രീമിയം എസ്.യു.വി. വിഭാഗത്തിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് വാഹനം ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തുകയാണ് നിലവില്‍ ചെയ്യുന്നത്. ജപ്പാന്‍ കമ്പനിയായ നിസാന്‍ 2021 ല്‍ പുറത്തിറക്കിയ എക്‌സ്-ട്രെയിലിന്റെ നാലാം തലമുറ പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാക്കിയിരിക്കുന്നത്.
1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ വി.സി. ടര്‍ബോ പെട്രോള്‍ എന്‍ജിനിലാണ് വാഹനത്തിന് കരുത്തു പകരുന്നത്. 163 പി.എസ്. പവറും 300 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്റെ ശേഷി.
വാഹനത്തിന്റെ പ്രത്യേകതകള്‍
വി-മോഷന്‍ ക്രോമിയം ആവരണത്തിലെ ഗ്ലോസി ബ്ലാക്ക് ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡിയില്‍ തന്നെയുളള ഡി.ആര്‍.എല്ലും ടേണ്‍ ഇന്റിക്കേറ്ററും, 20 ഇഞ്ചിന്റെ അലോയി വീലുകള്‍, റൂഫ് സ്‌പോയിലര്‍ തുടങ്ങിയവ അടങ്ങിയ ആകര്‍ഷകമായ പുറംഭാഗമാണ് ഒരുക്കിയിരിക്കുന്നത്.
12.3 ഇഞ്ച് വലിപ്പത്തിലുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ കൊണ്ട് ഒരുക്കിയിരിക്കുന്ന ഡാഷ്ബോര്‍ഡ്, വലയര്‍ലെസ് ചാര്‍ജര്‍, ഫാബ്രിക് സീറ്റുകള്‍, ആംറെസ്റ്റ് എന്നിവയാണ് ഉള്‍ഭാഗത്തിന്റെ സവിശേഷതകള്‍.
മോഡലിന്റെ 150 യൂണിറ്റാണ് ബാച്ചുകളായി രാജ്യത്ത് എത്തിക്കുക. ഒരു ലക്ഷം കിലോമീറ്റര്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷമാണ് വാഹനത്തിന്റെ വാറണ്ടി. മൂന്ന് വര്‍ഷത്തെ സൗജന്യ റോഡ് സൈഡ് പിന്തുണയും എക്‌സ്-ട്രെയിലിന് ഉണ്ടാകുമെന്ന് നിസാന്‍ അറിയിച്ചു.