ഒബൻ റോർ: ഒറ്റച്ചാർജിൽ 175 കിലോമീറ്റർ ഓടും, 90,000 രൂപ മുതൽ വില; ബംഗളുരു കമ്പനിയുടെ ഇലക്ട്രിക് ബൈക്ക് വിപണിയിൽ
അനായാസകരമായ സിറ്റി റൈഡിന് ഉതകുന്ന വിധമാണ് വാഹനത്തിന്റെ ഡിസൈൻ
ഒറ്റച്ചാർജിൽ പരമാവധി 175 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി ബംഗളൂരു ആസ്ഥാനമായ ഒബെൻ ഇലക്ട്രിക് . റോർ ഇഇസഡ് (Rorr EZ) എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ വില 89, 999 രൂപ മുതലാണ് ആരംഭിക്കുന്നത്. 2.6 കിലോ വാട്ട് അവർ, 3.4 കിലോ വാട്ട് അവർ, 4.4 കിലോ വാട്ട് അവർ എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് വാഹനം ലഭിക്കുക . 110 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന ബേസ് വേരിയന്റ് 45 മിനിറ്റ് കൊണ്ട് ഫുൾ ചാർജ് ചെയ്യാം. 99,999 രൂപ വില വരുന്ന 3.4 കിലോവാട്ട് അവർ ബാറ്ററിയുള്ള മോഡലിന് 140 കിലോമീറ്റർ ആണ് റേഞ്ച്. 90 മിനിറ്റ് കൊണ്ട് ഫുൾ ചാർജ് ചെയ്യാം. ഏറ്റവും കൂടിയ മോഡലിന് 1,09, 999 രൂപയാണ് വില . ഫുൾ ചാർജ് ആകണമെങ്കിൽ 120 മിനിറ്റ് കുത്തിയിടണം . പരമാവധി 175 കിലോമീറ്റർ ആണ് റേഞ്ച്. ഇലക്ട്രോ ആംബർ, സർജ് സിയാൻ, ലൂമിന ഗ്രീൻ, ഫോട്ടോൺ വൈറ്റ് എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാകും.
മൂന്നു മോഡലുകൾക്കും മണിക്കൂറിൽ 95 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയും എന്നാണ് കമ്പനിയുടെ അവകാശവാദം . 3.3 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്നും 40 കിലോമീറ്റർ വേഗതയിൽ എത്താനും വാഹനത്തിന് കഴിയും . 52 എൻ.എം ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയുന്ന 7.5 കിലോ വാട്ടിന്റെ മോട്ടോർ ആണ് വാഹനത്തിലുള്ളത്. ഇക്കോ , സിറ്റി, ഹവോക്ക് എന്നിങ്ങനെ മൂന്ന് റൈസിംഗ് മോഡുകളാണുള്ളത് . അനായാസകരമായ സിറ്റി റൈഡിന് ഉതകുന്ന വിധമാണ് വാഹനത്തിന്റെ ഡിസൈൻ . മുന്നിലും പിന്നിലും 17 ഇഞ്ച് ടയറുകളാണ് നൽകിയിട്ടുള്ളത്. മുൻഭാഗത്ത് ടെലിസ്കോപ്പിക് സസ്പെൻഷനും പിൻഭാഗത്ത് മോണോഷോക്കുമാണുള്ളത്.
റെട്രോ ബൈക്കുകളുടെ ഡിസൈനെ ഓർമിപ്പിക്കുന്ന വിധത്തിൽ വൃത്താകൃതിയിലുള്ള ഹെഡ് ലാമ്പ് വാഹനത്തിന് കിടിലൻ. ലുക്കും നൽകുന്നുണ്ട്. ജിയോ ഫെൻസിംഗ്, ബാറ്ററി തെഫ്റ്റ് പ്രൊട്ടക്ഷൻ, ഡ്രൈവർ അലർട്ട്സിസ്റ്റം, കമ്പൈൻഡ് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ട്.