ഓല ഇലക്ട്രിക് മേധാവിക്ക് ടെസ്ലയോടും ഇലോണ്‍ മസ്‌കിനോടും പറയാനുള്ളത് ഇതാണ് !

ഇന്ത്യയിലേക്ക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങളുണ്ടെന്ന് ഭവിഷ് അഗര്‍വാള്‍.

Update:2021-08-16 16:06 IST

ഓല ഇലക്ട്രിക്കിന്റെ രണ്ട് പുതു മോഡലുകള്‍ സ്വാതന്ത്രയ ദിനത്തില്‍ പുറത്തിറങ്ങി. അതിനു പിന്നാലെ ഇലക്ട്രിക് വാഹന മേഖലയിലെ ചില നിര്‍ണായക അഭിപ്രായങ്ങളുമായി ഓല മേധാവി ഭവിഷ് അഗര്‍വാള്‍ എത്തിയിരിക്കുകയാണ്.

ഇന്ത്യയിലേക്ക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ ആദ്യം ഇന്ത്യയില്‍ നിക്ഷേപം നടത്തുകയാണ് വേണ്ടതെന്നാണ് ഓല സിഇഒ അഭിപ്രായപ്പെട്ടത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകള്‍ക്ക് നികുതി കുറയ്ക്കണമെന്ന ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ വാദം അടുത്തിടെ ചര്‍ച്ചയായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധി നീങ്ങുന്ന മുറയ്ക്ക് വ്യവസായമേഖല രാജ്യത്ത് ഒരു സുസ്ഥിര വിപ്ലവം കാഴ്ച വയ്ക്കണമെന്ന് ഭവിഷ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. കമ്പനികള്‍ക്ക് രാജ്യത്തെ സാങ്കേതികവിദ്യയും മാനുഫാക്ചറംഗ് ഇക്കോ സിസ്റ്റവും പരിഷ്‌കരിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികതയില്‍ ഇനിയും ഏറെ ദൂരം ഇന്ത്യയ്ക്ക് സഞ്ചരിക്കാനാകും. നിക്ഷേപത്തിന് അനുയോജ്യമായ ഒരു ഇടമാണ് ഇന്ത്യയെന്ന് ആഗോള കമ്പനികളോടായി ഭവിഷ് പറഞ്ഞു.
നേരത്തെ ഇലോണ്‍ മസ്‌കിന്റെ അഭിപ്രായത്തെ പിന്തുണച്ച് ലോകത്തെ രണ്ടാമത്തെ വലിയ മോട്ടോര്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗന്‍ രംഗത്തെത്തിയിരുന്നു.
ഇറക്കുമതി തീരുവ കുറയ്ക്കുന്നത് ആഭ്യന്തര വാഹന നിര്‍മാതാക്കളെ ബാധിക്കില്ലെന്നും അത് നിക്ഷേപം പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നുമായിരുന്നു ജര്‍മന്‍ മോട്ടോര്‍ വാഹന ഭീമന്റെ ഈ വിഷയത്തിലെ പ്രതികരണം.
അതേ സമയം നിക്ഷേപസൗഹാര്‍ദ്ദമായ അന്തരീക്ഷമാണ് ഇവിടെയുള്ളത് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക വഴിയാണ് രാജ്യത്തെ മുന്നോട്ട് നയിക്കാനാകുകയെന്നാണ് ഓലയുടെതടക്കം പല കമ്പനികളുടെയും നിലപാട്.


Tags:    

Similar News