വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഒല, പഴയ വിലയില്‍ ഇന്നുകൂടി സ്‌കൂട്ടര്‍ സ്വന്തമാക്കാം

വില വര്‍ധനവിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

Update: 2022-03-18 05:38 GMT

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ (OLA scooter) വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ഒല ഇലക്ട്രിക്. എസ് 1 പ്രൊ ഇ-സ്‌കൂട്ടറിന്റെ വിലയാണ് അടുത്ത പര്‍ച്ചേയ്‌സ് വിന്‍ഡോ മുതല്‍ ഉയര്‍ത്തുന്നത്. പഴയ വിലയില്‍ എസ് 1 പ്രൊ സസ്വന്തമാക്കാന്‍ ഇന്ന് (മാര്‍ച്ച് 18) അര്‍ധരാത്രിവരെ അവസരം ഉണ്ടാകും. ഹോളി പ്രമാണിച്ച് gerua നിറത്തില്‍ പ്രത്യേക എഡിഷന്‍ മോഡലും ഒല അവതരിപ്പിച്ചിട്ടുണ്ട്.

ഒല സ്ഥാപകനും സിഇഒയുമായ ഭവീഷ് അഗര്‍വാള്‍ ആണ് സ്‌കൂട്ടര്‍ വില വര്‍ധിപ്പിക്കുന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. എത്ര രൂപയാണ് സ്‌കൂട്ടറിന് വര്‍ധിപ്പിക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നിലവില്‍ 1,29,999 രൂപയാണ് എസ്1 പ്രൊയുടെ വില. വിവിധ സംസ്ഥാനങ്ങള്‍ നല്‍കുന്ന സബ്‌സിഡി അനുസരിച്ച് വില വീണ്ടും കുറയും. കേരള സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇതുവരെ സബ്‌സിഡി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ സംസ്ഥാനത്ത് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഇപ്പോള്‍ ബുക്ക് ചെയ്യുന്ന സ്‌കൂട്ടറുകള്‍ അടുത്ത മാസം മുതലാവും ലഭ്യമാവുക.
അതേ സമയം എസ് 1 മോഡലിനെ വിലവര്‍ധനവ് ബാധിക്കില്ല. രണ്ട് മോഡലുകളില്‍ ഒന്നിന്റെ വില ഉയര്‍ത്തിയ സ്ഥിതിക്ക് താമസിയാതെ എസ് 1 സ്‌കൂട്ടറിന്റെ വിലയും ഒല ഈ വര്‍ഷം തന്നെ ഉയര്‍ത്തിയേക്കും. 99,999 രൂപയാണ് എസ് 1 മോഡലിന്റെ വില. കഴിഞ്ഞ ഫെബ്രുവരിയില്‍ എസ്1, എസ്1 പ്രൊ എന്നീ മോഡലുകള്‍ ചേര്‍ത്ത്, 7000 സ്‌കൂട്ടറുകളാണ് ഒല വിതരണം ചെയ്തത്. ഈ മാസം 15,000 സ്‌കൂട്ടറുകള്‍ വിതരണം ചെയ്യാനാണ് പദ്ധതി.

Tags:    

Similar News