'ഓല'യാല്‍ മേഞ്ഞൊരു ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലേക്ക്; പോരാട്ടം തിമിര്‍ക്കും!

ഈ വര്‍ഷം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്ന കമ്പനിയാണ് ഓല

Update:2024-03-13 14:39 IST

Image courtesy: ola

പ്രമുഖ വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ഓല ഇലക്ട്രിക്ക് ഒരുക്കുന്ന ആദ്യ വൈദ്യുത ഓട്ടോറിക്ഷ ഈമാസം വിപണിയിലെത്തും. ഹിന്ദിയില്‍ 'സഞ്ചാരി' എന്നര്‍ത്ഥം വരുന്ന 'റാഹി' (Raahi) എന്ന പേരിലാണ് ഇ-ഓട്ടോറിക്ഷ നിരത്തിലിറങ്ങുക. കൊമേഴ്സ്യല്‍ വെഹിക്കിള്‍ ബിസിനസിലേക്ക് പ്രവേശിക്കാനായി ഏറെ കാലമായി ഓല ഇലക്ട്രിക് പ്രവര്‍ത്തിച്ചുവരികയാണ്. മുച്ചക്ര വാഹന വിഭാഗത്തില്‍ മഹീന്ദ്ര ട്രിയോ, പിയാജിയോ ആപ്പേ ഇ-സിറ്റി, ബജാജ് ആര്‍.ഇ എന്നിവയോടാകും ഒല ഇലക്ട്രിക്കിന്റെ ഇ-ഓട്ടോറിക്ഷ പ്രധാനമായും മത്സരിക്കുക.

ഓല ഇ-ഓട്ടോറിക്ഷയുടെ വിലയും എതിരാളികളായ വൈദ്യുത മുച്ചക്ര വാഹനങ്ങളുടെ വിലയ്ക്ക് സമാനമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജാജ്, മഹീന്ദ്ര, പിയാജിയോ ഇ-ഓട്ടോറിക്ഷകളുടെ അടിസ്ഥാന വില 2 ലക്ഷം രൂപയാണ്. വ്യത്യസ്ത മോഡലുകളുടെയും ആഡ്-ഓണുകളുടെയും അടിസ്ഥാനത്തില്‍ ഇത് 3.5 ലക്ഷം രൂപ വരെയാകാറുണ്ട്. കഴിഞ്ഞ വര്‍ഷം 66 ശതമാനം വര്‍ധനയോടെ ഇന്ത്യയില്‍ മൊത്തം 5.80 ലക്ഷത്തിലധികം വൈദ്യുത മുച്ചക്ര വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നു.

ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നു

ഈ വര്‍ഷം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുന്ന കമ്പനിയാണ് ഓല. ഇതിനായി 2023 ഡിസംബറില്‍ ഡി.ആര്‍.എച്ച്.പി സമര്‍പ്പിച്ചിരുന്നു. ഐ.പി.ഒ.യിലൂടെ 5,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വൈദ്യുത ഇരുചക്ര വാഹന വില്‍പ്പനയില്‍ 2024 ഫെബ്രുവരിയില്‍ ഓല എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി. ഏകദേശം 35,000 ഇരുചക്ര വാഹനങ്ങളാണ് ഫെബ്രുവരിയില്‍ കമ്പനി വിറ്റഴിച്ചത്. 42 ശതമാനമാണ് വൈദ്യുത ഇരുചക്ര വാഹന വിപണിയില്‍ ഓലയുടെ പങ്കാളിത്തം.

10,000 ചാര്‍ജിംഗ് പോയിന്റുകള്‍

എല്ലാ സ്‌കൂട്ടറുകള്‍ക്കുമുള്ള ബാറ്ററി വാറന്റി എട്ട് വര്‍ഷത്തേക്ക് നീട്ടിയതായി കഴിഞ്ഞ മാസം കമ്പനി അറിയിച്ചിരുന്നു. അടുത്ത പാദത്തിന്റെ അവസാനത്തോടെ 10,000 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനും പോര്‍ട്ടബിള്‍ ഫാസ്റ്റ് ചാര്‍ജറുകള്‍ വില്‍ക്കാനും സര്‍വീസ് സെന്റര്‍ ശൃംഖല വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ ഈ പാദത്തിന്റെ അവസാനത്തോടെ ബാറ്ററി സെല്ലുകള്‍ നിര്‍മ്മിക്കാന്‍ കമ്പനിയുടെ ജിഗാഫാക്ടറി തുറക്കാനും ഓല ഇലക്ട്രിക് പദ്ധതിയിടുന്നുണ്ട്. ഐ.പി.ഒയില്‍ നിന്നുള്ള 1,226 കോടി രൂപ ജിഗാഫാക്ടറിക്കായി നീക്കിവയ്ക്കുമെന്നാണ് സൂചന.

Tags:    

Similar News