എസ്.യു.വികള്‍ക്ക് വലിയ പ്രിയം; 2022-23 നേട്ടത്തിന്റേതാക്കി വാഹനവിപണി

കഴിഞ്ഞ സാമ്പത്തികവര്‍ഷം പാസഞ്ചര്‍ വാഹന മൊത്തവില്‍പന വളര്‍ച്ച 26.7%, ചിപ്പ് ക്ഷാമം അയഞ്ഞത് നേട്ടമായി

Update:2023-04-13 14:55 IST

image: @canva

കൊവിഡിന്റെയും റഷ്യ-യുക്രെയിന്‍ യുദ്ധത്തിന്റെയും പശ്ചാത്തലത്തിലുണ്ടായ സെമികണ്ടക്ടര്‍ (മൈക്രോ ചിപ്പ്) ക്ഷാമം അയയുകയും ഉത്പാദനവും വിതരണവും മെച്ചപ്പെടുകയും ചെയ്തതോടെ, കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ഇന്ത്യയുടെ ആഭ്യന്തര വാഹനവിപണി കുറിച്ചത് മികച്ച വില്‍പനനേട്ടം.

കഴിഞ്ഞ സാമ്പത്തികവര്‍ഷം കാറും വാനും എസ്.യു.വിയും ഉള്‍പ്പെടുന്ന പാസഞ്ചര്‍ വാഹനശ്രേണിയുടെ (പി.വി) മൊത്തവില്‍പന (ഹോള്‍സെയില്‍) എക്കാലത്തെയും ഉയരമായ 38.90 ലക്ഷം യൂണിറ്റുകളിലെത്തിയെന്ന് വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) വ്യക്തമാക്കി. 26.7 ശതമാനമാണ് വളര്‍ച്ച. 2021-22ല്‍ ഫാക്ടറികളില്‍ നിന്ന് ഡീലര്‍ഷിപ്പുകളിലേക്കെത്തിയ പി.വികള്‍ 30.69 ലക്ഷമായിരുന്നു. ടൂവീലര്‍ വില്‍പന 1.35 കോടിയില്‍ നിന്നുയര്‍ന്ന് 1.58 കോടിയിലുമെത്തി.
എല്ലാ വിഭാഗം ശ്രേണികളിലുമായി കഴിഞ്ഞവര്‍ഷം ആകെ ഡീലര്‍ഷിപ്പുകളില്‍ വില്‍പനയ്‌ക്കെത്തിയത് 2.12 കോടി പുത്തന്‍ വാഹനങ്ങളാണ്. 2021-22ല്‍ പുതിയ വാഹനങ്ങള്‍ 1.76 കോടിയായിരുന്നു.
മാര്‍ച്ചിലെ മുന്നേറ്റം
മാര്‍ച്ചിലെ മൊത്ത പാസഞ്ചര്‍ വാഹന വില്‍പന വളര്‍ച്ച 2022 മാര്‍ച്ചിലെ 2.79 ലക്ഷത്തില്‍ നിന്ന് 4.7 ശതമാനം ഉയര്‍ന്ന് 2.92 ലക്ഷം യൂണിറ്റുകളായെന്ന് സിയാം വ്യക്തമാക്കി. 11.98 ലക്ഷത്തില്‍ നിന്ന് ടൂവീലര്‍ വില്‍പന 12.90 ലക്ഷമായി ഉയര്‍ന്നു. എല്ലാ ശ്രേണികളിലുമായി കഴിഞ്ഞമാസം പുതുതായി ഡീലര്‍ഷിപ്പുകളില്‍ എത്തിയത് 16.37 ലക്ഷം വാഹനങ്ങളാണ്. 2022 മാര്‍ച്ചില്‍ 15.10 ലക്ഷമായിരുന്നു.
മാരുതി തന്നെ മുന്നില്‍
മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവ കഴിഞ്ഞ സാമ്പത്തികവര്‍ഷം രേഖപ്പെടുത്തിയത് എക്കാലത്തെയും ഉയര്‍ന്ന വില്‍പനയാണ്. 16.52 ലക്ഷം യൂണിറ്റുകളില്‍ നിന്ന് 19 ശതമാനം വളര്‍ച്ചയുമായി മാരുതിയുടെ മൊത്തം വില്‍പന 19.66 ലക്ഷത്തിലെത്തി. 45 ശതമാനം വളര്‍ച്ചയോടെ 5.38 ലക്ഷം വാഹനങ്ങളാണ് ടാറ്റ പുതുതായി ഡീലര്‍ഷിപ്പുകളിലെത്തിച്ചത്.
വെല്ലുവിളികളെ അതിജീവിച്ച നേട്ടം
ചിപ്പ് ക്ഷാമം, പണപ്പെരുപ്പം, പലിശനിരക്ക് വര്‍ദ്ധന തുടങ്ങി നിരവധി വെല്ലുവിളികളെ അതിജീവിച്ചതാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര വാഹനവിപണി നേട്ടം കൈവരിച്ചത്. എസ്.യു.വികള്‍ക്ക് ലഭിച്ച ഉയര്‍ന്ന ഡിമാന്‍ഡ്, നിരവധി പുതിയ വാഹനങ്ങളുടെ വിപണിപ്രവേശനം, ഉത്സവകാലത്തെ ഉയര്‍ന്ന വില്‍പന, ഭാവിയില്‍ വില കൂടിയേക്കുമെന്ന ആശങ്ക തുടങ്ങി നിരവധി ഘടകങ്ങള്‍ വാഹനവിപണിക്ക് കഴിഞ്ഞവര്‍ഷം കരുത്തായി.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിര്‍ണയത്തിലെ സുപ്രധാന ഘടകങ്ങളിലൊന്നാണ് വാഹനവില്‍പന. മൊത്തം സ്വകാര്യ ഉപഭോഗത്തില്‍ 50 ശതമാനം പങ്കുവഹിക്കുന്നതും വാഹനവിപണിയാണ്.
Tags:    

Similar News