റീട്ടെയ്ല്‍ വാഹന വില്‍പന: ഏപ്രിലില്‍ 4% കുറഞ്ഞു

വൈദ്യുത ഓട്ടോറിക്ഷകള്‍ക്ക് മികച്ച ഡിമാന്‍ഡ്

Update:2023-05-05 21:57 IST

രാജ്യത്ത് വാഹന റീട്ടെയ്ല്‍ വില്‍പന ഏപ്രിലില്‍ 4.03 ശതമാനം കുറഞ്ഞുവെന്ന് ഡീലര്‍മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (ഫാഡ) വ്യക്തമാക്കി. എല്ലാ വിഭാഗം ശ്രേണികളിലുമായി 2022 ഏപ്രിലിലെ 17.97 ലക്ഷത്തില്‍ നിന്ന് 17.24 ലക്ഷം വാഹനങ്ങളായാണ് വില്‍പന കുറഞ്ഞത്. കേരളത്തില്‍ നിന്നുള്‍പ്പെടെ രാജ്യത്തെ ആര്‍.ടി ഓഫീസുകളില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പ്രകാരമാണ് ഫാഡ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മലിനീകരണ നിയന്ത്രണ ചട്ടങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 'ഒ.ബി.ഡി 2എ' മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതും ഉത്പാദനച്ചെലവിലുണ്ടായ വര്‍ദ്ധനയും മൂലം നിരവധി കമ്പനികള്‍ ഏപ്രില്‍ മുതല്‍ വാഹനങ്ങള്‍ക്ക് വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് നിരവധി ഉപഭോക്താക്കളെ മാര്‍ച്ചില്‍ തന്നെ വാഹനം വാങ്ങാന്‍ പ്രേരിപ്പിച്ചു. വാഹനങ്ങള്‍ക്കും ഇന്ധനത്തിനും ഏപ്രില്‍ മുതല്‍ സംസ്ഥാന ബജറ്റില്‍ നികുതി കൂട്ടിയത് കേരളത്തിലെ റീട്ടെയ്ല്‍ വില്‍പനയെയും ബാധിച്ചിരുന്നു.
8 മാസങ്ങള്‍ക്ക് ശേഷം കാര്‍ വില്‍പന കുറഞ്ഞു
തുടര്‍ച്ചയായി എട്ട് മാസങ്ങളില്‍ മികച്ച വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയ പാസഞ്ചര്‍ വാഹന (കാര്‍) വില്‍പന കഴിഞ്ഞമാസം 1.35 ശതമാനം നഷ്ടം നേരിട്ടു. 2.86 ലക്ഷത്തില്‍ നിന്ന് 2.82 ലക്ഷം വാഹനങ്ങളായാണ് വില്‍പന കുറഞ്ഞത്.
ടൂവീലര്‍ വില്‍പന 13.26 ലക്ഷത്തില്‍ നിന്ന് 7.30 ശതമാനം ഇടിഞ്ഞ് 12.29 ലക്ഷമായി. പുതുതായി 85,587 വാണിജ്യ വാഹനങ്ങള്‍ കഴിഞ്ഞമാസം നിരത്തിലെത്തി; വര്‍ദ്ധന 1.91 ശതമാനം. ട്രാക്ടര്‍ വില്‍പന 1.48 ശതമാനം വര്‍ദ്ധിച്ച് 55,835 എണ്ണമായി.
ഓട്ടോയ്ക്ക് പ്രിയം
ഓട്ടോറിക്ഷാ വില്‍പന ഏപ്രിലില്‍ കുറിച്ചത് മികച്ച വളര്‍ച്ചയാണ്. 70,928 പുത്തന്‍ ഓട്ടോകളാണ് ഏപ്രിലില്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്. 2022 ഏപ്രിലിലെ 45,114ല്‍ നിന്ന് 57.22 ശതമാനമാണ് കുതിപ്പ്.
യാത്രാവശ്യത്തിനുള്ള വൈദ്യുത ഓട്ടോറിക്ഷകളുടെ വില്‍പനയാണ് വന്‍ വളര്‍ച്ച കുറിച്ചത്. ഇവയുടെ വില്‍പന 18,522ല്‍ നിന്ന് 70.89 ശതമാനം മുന്നേറി 31,653ലെത്തി. വാണിജ്യ ഇ-ഓട്ടോയുടെ വില്‍പന 69.58 ശതമാനവും ഉയര്‍ന്നു; ഈ ശ്രേണിയില്‍ വിറ്റഴിഞ്ഞത് 2,732 വാഹനങ്ങള്‍.
വിപണിയില്‍ മുന്നില്‍
ടൂവീലര്‍ വിഭാഗത്തില്‍ 34.32 ശതമാനത്തില്‍ നിന്ന് 33.41 ശതമാനമായി വിപണിവിഹിതം കുറഞ്ഞെങ്കിലും വില്‍പനയില്‍ മുന്നില്‍ ഹീറോ മോട്ടോകോര്‍പ്പാണ്. 4.10 ലക്ഷം വാഹനങ്ങള്‍ കമ്പനി കഴിഞ്ഞമാസം വിറ്റഴിച്ചു. 2.44 ലക്ഷം വാഹനങ്ങളുടെ വില്‍പനയും 19.84 ശതമാനം വിഹിതവുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയാണ് രണ്ടാമത്.
ത്രീവീലറുകളില്‍ 32.38ല്‍ നിന്ന് 35.1 ശതമാനമായി വിപണിവിഹിതം ഉയര്‍ത്തി ബജാജ് ഓട്ടോ മറ്റ് കമ്പനികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള പിയാജിയോയുടെ വിഹിതം 8 ശതമാനം മാത്രം. വാണിജ്യ വാഹനങ്ങളില്‍ 38.70 ശതമാനം വിഹിതവുമായി ടാറ്റാ മോട്ടോഴ്‌സാണ് ഒന്നാമത്. രണ്ടാംസ്ഥാനത്തുള്ള മഹീന്ദ്രയുടെ വിഹിതം 19.81 ശതമാനം.
കാര്‍ വിപണിയില്‍ ഏതാനും വര്‍ഷം മുമ്പുവരെ 50 ശതമാനത്തിലേറെ വിഹിതമുണ്ടായിരുന്ന മാരുതി സുസുക്കിക്ക് കഴിഞ്ഞമാസത്തെ വിപണിവിഹിതം 38.89 ശതമാനമാണ്. 2022 ഏപ്രിലില്‍ വിഹിതം 39.67 ശതമാനമായിരുന്നു. 14.79 ശതമാനം വിഹിതവുമായി ഹ്യുണ്ടായ് ആണ് രണ്ടാംസ്ഥാനത്ത്.


Tags:    

Similar News