പഴയ വാഹനങ്ങളുടെ വില്‍പന; സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്
സ്ഥാപനങ്ങള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
പഴയ വാഹനങ്ങളുടെ (Second hand or used) വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്. സ്ഥാപനങ്ങള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇനി ഡീലര്‍മാര്‍ക്ക് വില്‍ക്കാനുള്ള വാഹനങ്ങള്‍ തോന്നിയതുപോലെ പുറത്തിറക്കാന്‍ സാധിക്കില്ല.
ഇനി ഇവ മാത്രം
വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നയാള്‍ക്ക് ഓടിച്ച് നോക്കുന്നതിന് (ട്രയല്‍ റണ്‍) പുറത്തിറക്കാം. വാഹനം റിപ്പയര്‍ ചെയ്യുന്നതിനോ പെയിന്റ് ചെയ്യുന്നതിനോ വര്‍ക്ക്ഷോപ്പിലേക്ക് കൊണ്ടുപോകുന്നതിനും തിരിച്ചുകൊണ്ടു പോകുന്നതിനും അനുവാദമുണ്ട്. റജിസ്‌ട്രോഷന്‍ സര്‍ട്ടിഫിക്കേറ്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എടുക്കുന്നതിന് കൊണ്ടുപോകാം.
ഇത്തരത്തില്‍ വാഹനം കൊണ്ടുപോകുമ്പോള്‍ സ്ഥാപനത്തിന്റെ സ്ഥാപനത്തിന്റെ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ വ്യക്തമായി കാണത്തക്കവിധം വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് പുറത്തിറക്കിയ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം. ഇതിനായി കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 ലെ ചട്ടം 81 പ്രകാരമുള്ള അപേക്ഷാ ഫീസായ 25,000 രൂപ അടക്കണം.
കാലാവധി അഞ്ച് വര്‍ഷം
അഞ്ചുവര്‍ഷ കാലാവധിയുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കുന്നത്. ഉപയോഗിച്ച വാഹനങ്ങളുടെ ഡീലര്‍മാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പാര്‍ക്കിംഗ് സ്പേസ് ഉണ്ടാക്കണം. വാഹനങ്ങള്‍ റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഉടമകള്‍ വാഹനം വില്‍ക്കുന്നതിനായി ഡീലര്‍ക്ക് കൈമാറുമ്പോള്‍ രജിസ്റ്ററിംഗ് അതോറിറ്റിക്ക് ഓണ്‍ലൈനില്‍ അപേക്ഷ (ഫോം 29 സി) സമര്‍പ്പിക്കണം. തുടര്‍ന്ന് വാഹനം കൈമാറിയതായി ഉടമയ്ക്ക് പോര്‍ട്ടല്‍ വഴി രസീത് ലഭിക്കും.
ഡീലറില്‍ നിന്നും വാഹനം തിരിച്ചുവാങ്ങുകയാണെങ്കില്‍ രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ ഇരുവരും ഒപ്പിട്ട് അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ വാഹനം ലഭിച്ച സ്ഥാപനം (ഡീലര്‍) ആയിരിക്കും വാഹനത്തിന്റെ ഉടമ. അന്നുമുതല്‍ മുഴുവന്‍ രേഖകള്‍ക്കും വാഹനം സംബന്ധിച്ചുള്ള എല്ലാ വിഷയങ്ങള്‍ക്കും ഡീലര്‍ ആയിരിക്കും ഉത്തരവാദിയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.