തമിഴ്നാട്ടില്‍ ടാറ്റാ മോട്ടോഴ്സിന്റെ പുത്തന്‍ പ്ലാന്റ്; നിക്ഷേപിക്കും ₹9,000 കോടി
രണ്ട് മാസത്തിനിടെ തമിഴ്നാട്ടില്‍ ധാരണാപത്രം ഒപ്പിടുന്ന രണ്ടാമത്തെ വാഹനനിര്‍മാണ കമ്പനി
ഇന്ത്യയിലെ മുന്‍നിര വാഹന കമ്പനികളിലൊന്നായ ടാറ്റാ മോട്ടോഴ്സ് തമിഴ്നാട്ടില്‍ 9,000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, വ്യവസായ മന്ത്രി ടി.ആര്.ബി രാജ എന്നിവരുടെ സാന്നിധ്യത്തില്‍ തമിഴ്നാടുമായി കമ്പനി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തമിഴ്നാട്ടില്‍ കമ്പനി വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കും.
ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ പ്ലാന്റ്
പുതിയ പ്ലാന്റിലൂടെ സംസ്ഥാനത്ത് നേരിട്ടും അല്ലാതെയും ഏകദേശം 5,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ ഫാക്ടറി തമിഴ്നാട്ടിലെ റാണിപേട്ട് ജില്ലയില്‍ (വെല്ലൂരിനടുത്ത്) 500 ഏക്കര്‍ സ്ഥലത്താണ് സ്ഥാപിക്കുന്നത്. കര്‍ണാടകയിലെ ധാര്‍വാഡിന് ശേഷം ടാറ്റാ മോട്ടോഴ്സിന്റെ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ പ്ലാന്റാണിത്.
കാറുകളും ട്രക്കുകളും ബസുകളും നിര്‍മ്മിക്കുന്ന ടാറ്റാ മോട്ടോഴ്സ് തമിഴിനാട്ടിലെ റാണിപേട്ടില്‍ സ്ഥിപിക്കുന്ന പ്ലാന്റിൽ ഏതെല്ലാം വാഹനങ്ങളാണ് നിര്‍മിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
രണ്ട് മാസത്തിനിടെ തമിഴ്നാടുമായി ധാരണാപത്രം ഒപ്പിടുന്ന രണ്ടാമത്തെ വാഹനനിര്‍മാണ കമ്പനിയാണ് ടാറ്റാ മോട്ടോഴ്സ്. ജനുവരിയില്‍ വിയറ്റ്നാമിലെ മുന്‍നിര വൈദ്യുത വാഹന (ഇ.വി) നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് 16,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായി 4,000 കോടി രൂപയുടെ നിക്ഷേപവും വിന്‍ഫാസ്റ്റ് തമിഴ്നാട്ടില്‍ നടത്തിയിരുന്നു.