ആദ്യ മണിക്കൂറില്‍ വിറ്റത് 1.76 ലക്ഷം ഥാറുകള്‍ ! 5 ഡോര്‍ പതിപ്പിന് റെക്കോര്‍ഡ് ബുക്കിംഗ്

ഉത്തരേന്ത്യയിലെ ദസ്‌റ ആഘോഷങ്ങളുടെ സമയത്ത് വാഹനം ഡെലിവറി തുടങ്ങുമെന്നാണ് വിവരം

Update:2024-10-04 11:37 IST
നിരത്തിലെത്തുന്നതിന് മുമ്പ് തന്നെ ഹിറ്റായ വാഹനമാണ് മഹീന്ദ്രയുടെ ഏറ്റവും പുതിയ ഥാര്‍ റോക്‌സ്. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചപ്പോഴും ലഭിച്ചത് വമ്പന്‍ പ്രതികരണം. ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറില്‍ 1,76,218 വാഹനങ്ങള്‍ക്കുള്ള ബുക്കിംഗ് ലഭിച്ചെന്ന് മഹീന്ദ്ര അവകാശപ്പെട്ടു. ഉത്തരേന്ത്യയിലെ ദസ്‌റ ആഘോഷങ്ങളുടെ സമയത്ത് വാഹനം ഡെലിവറി തുടങ്ങുമെന്നാണ് വിവരം.

ഓരോ മിനിറ്റിലും 6,000 വണ്ടി

കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കാണ് വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചത്. വാഹന പ്രേമികള്‍ ആവേശത്തോടെ ഏറ്റെടുത്തതോടെ ഥാറിന്റെ ബുക്കിംഗ് പൊടിപൊടിച്ചു
. ഓരോ മിനിറ്റിലും 6,000 ഥാറുകളെന്ന നിലയിലായിരുന്നു ബുക്കിംഗ്. കമ്പനിയുടെ ഓണ്‍ലൈന്‍ സൈറ്റിലും അംഗീകൃത ഷോറൂമുകള്‍ വഴിയും ബുക്കിംഗ് നടന്നു. പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ള ബുക്കിംഗാണ് ലഭിച്ചതെന്നും എല്ലാവരോടും നന്ദി പറയുന്നതായും കമ്പനി ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചു.

വില

എം.എക്‌സ് 1, എം.എക്‌സ് 3, എ.എക്‌സ് 3എല്‍, എം.എക്‌സ് 5, എ.എക്‌സ് 5എല്‍, എ.എക്‌സ് 7എല്‍ എന്നിങ്ങനെ വിവിധ വകഭേദങ്ങളിലായി ഥാര്‍ റോക്‌സ് ഏഴ് നിറങ്ങളിലാണ് നിരത്തിലെത്തുന്നത്. 12.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപ വരെയാണ് ഥാര്‍ റോക്‌സ് 5 ഡോറിന്റെ എക്‌സ് ഷോറൂം വില. ഓഫ് റോഡ് പ്രേമികള്‍ ഏറെ കാത്തിരുന്ന 4x4 വേരിയന്റിന്റെ വിലയും അടുത്തിടെ കമ്പനി പുറത്തുവിട്ടിരുന്നു. ഡീസല്‍ എഞ്ചിനില്‍ മാത്രം ലഭിക്കുന്ന എം.എക്‌സ് 5 ഓഫ്‌റോഡ് വേര്‍ഷന് 18.79-22.49 ലക്ഷം രൂപ വരെയാണ് വില. 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന് പുറമെ 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലും ഥാര്‍ ലഭ്യമാണ്. മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവരാകും വിപണിയിലെ എതിരാളികള്‍.
Tags:    

Similar News