ഈ അമൂല്യ ലോഹങ്ങളുടെ ദൗർലഭ്യം, വാഹന നിർമാതാക്കൾക്ക് പ്രതിസന്ധി
പ്ലാറ്റിനം, പല്ലേഡിയം എന്നീ അമൂല്യ ലോഹങ്ങൾ ലഭിക്കുന്നത് റഷ്യയിൽ നിന്ന്
റഷ്യ-യു ക്രയ്ൻ സംഘർഷം തുടരുന്നതിനാൽ ലോക വിപണിയിൽ പ്ലാറ്റിനം, പല്ലേഡിയം എന്നീ അമൂല്യ ലോഹങ്ങളുടെ ലഭ്യത കുറയാൻ കാരണമായിട്ടുണ്ട്. സ്വർണവും വെള്ളിയും പ്രധാനമായും ആഭരണ ആവശ്യങ്ങൾക്കാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ പ്ലാറ്റിനം, പല്ലേഡിയം എന്നീ ലോഹങ്ങൾ വ്യാവസായിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
വാഹനങ്ങളിൽ മലിനീകരണം തടയാനായി ഓട്ടോ കാറ്റലിറ്റിക്ക് കൺവെർട്ടറിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ലോഹങ്ങൾ പ്ലാറ്റിനവും, പല്ലേഡിയവുമാണ്.
റഷ്യ-യു ക്രയ്ൻ യുദ്ധം ആരംഭിച്ചതോടെ അവധി വ്യപാരത്തിൽ പല്ലേഡിയത്തിന്റെ വില ഔൺസിന് എക്കാലത്തേയും റെക്കോർഡ് 3400 ഡോളർ വരെ ഉയർന്നെങ്കിലും പിന്നീട് താഴ്ന്നു. എന്നാൽ കഴിഞ്ഞ ദിവസം റഷ്യയിലെ പ്രധാന പെട്ട രണ്ട് റിഫൈനറികൾ പുതുതായി ഉൽപാദിപ്പിച്ച പ്ലാറ്റിനം പല്ലേഡിയം ലണ്ടൻ വിപണിയിൽ വിൽക്കുന്നതിൽ ഏപ്രിൽ 8 മുതൽ വിലക്ക് ഏർപ്പെടുത്തിയതോടെ പല്ലേഡിയം വില 11 ശതമാനം കുതിച്ച് ഉയരുന്നു.
നിലവിൽ ഔൺസിന് 2368 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വിലക്ക് ഏർപെടുത്തപ്പെട്ട റഷ്യയിലെ നോറി ലിസ്ക് നിക്കൽ എന്ന കമ്പനി ലോക വിപണയിൽ ലഭ്യമായ പല്ലേഡിയം ലോഹത്തിന്റെ 30 % ഉല്പാദിപ്പിക്കുന്നത്.
ലോക പ്ലാറ്റിനം വിതരണത്തിന്റെ 10 % പങ്ക് റഷ്യക്കാണ്. പ്ലാറ്റിനം ഔൺസിന് 1000 ഡോളറിന് മുകളിൽ പോയെങ്കിലും ഇപ്പോൾ 962 നിരക്കിലാണ് അവധി വ്യാപാരം നടക്കുന്നത്
വാഹന നിർമാതാക്കൾ കൂടുതൽ പ്ലാറ്റിനവും,പല്ലേഡിയവും ശേഖരിക്കാൻ ശ്രമിക്കുന്നതിനാൽ രണ്ട് ലോഹങ്ങളുടെയും ലഭ്യതയെ ബാധിക്കുമെന്നതിനാൽ ഇനിയും വില വർധിക്കുമെന്ന് പ്രതീക്ഷ.