വിൽക്കാനാകാതെ ₹60,000 കോടിയുടെ കാറുകൾ; വാഹന വിപണിയിൽ പുതിയ മാറ്റങ്ങൾ

ഷോ റൂമുകളിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ 15 ശതമാനം കുറവ്

Update:2024-07-08 14:25 IST

Image credit : canva

കിടിലൻ ഓഫറുകൾ നൽകിയിട്ടും ഇന്ത്യൻ വാഹന വിപണിയിൽ യാത്രാ വാഹനങ്ങളുടെ വിൽപ്പന വർദ്ധിക്കുന്നില്ലെന്ന് റിപ്പോർട്ട്. നിലവിൽ ഒരു വാഹനം ഡീലറിൽ നിന്നും ഉപയോക്താവിന്റെ കൈകളിലെത്താൻ ഏതാണ്ട് 62-67 ദിവസമെടുക്കുന്നു. ഇത് ഇന്ത്യൻ വാഹനവിപണിയിൽ ആദ്യമാണെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മികച്ച വാഹനങ്ങൾ വിപണിയിൽ ലഭ്യമായിട്ടും ആളുകൾ പുതിയ വാഹനം സ്വന്തമാക്കാൻ മടിക്കുന്നു. വാഹന ഷോ റൂമുകളിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ 15 ശതമാനം കുറവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ മേയിൽ ഇന്ത്യൻ വാഹന വിപണിയിലെ ഡീലർ ഇൻവന്ററി (ഡീലർമാരുടെ പക്കലുള്ള സ്‌റ്റോക്ക്) 44,000 കോടി എത്തിയിരുന്നു. നിലവിൽ 60,000 കോടി രൂപ വിലവരുന്ന വാഹനങ്ങൾ ഡീലർമാരുടെ പക്കലുണ്ടെന്നാണ് റിപ്പോർട്ട്. 6,00,000 - 6,50,000 യൂണിറ്റ് വാഹനങ്ങൾ വിപണിയിൽ കെട്ടിക്കിടക്കുന്നുവെന്നാണ് ആട്ടോ മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
ജൂണിൽ കമ്പനികളിൽ നിന്നും ഡീലർമാരിലേക്ക് എത്തിയത് 3,41,000 യൂണിറ്റുകളാണ്. എന്നാൽ വാഹന രജിസ്ട്രേഷൻ നടന്നതാകട്ടെ 2,81,600 യൂണിറ്റുകൾ മാത്രം. കഴിഞ്ഞ വർഷം ജൂണിൽ ഇത് 3,02,000 യൂണിറ്റുകളായിരുന്നു.
ഇത് വിപണിയിൽ ഡിമാൻഡ് കുറയുന്നതിന്റെ ലക്ഷണമാണെന്നാണ് വിലയിരുത്തൽ. വിൽപ്പന നടക്കാതെ വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് ഡീലർമാരുടെ പ്രവർത്തനച്ചെലവും കൂട്ടിയിട്ടുണ്ട്.
പുതിയ തന്ത്രം
ഷോറൂമുകളിലേക്ക് ആളുകളെ എത്തിക്കാൻ പുതിയ മാർഗങ്ങൾ അന്വേഷിക്കുകയാണ് വാഹന ഡീലർമാർ. ഷോറൂമുകളുടെ പ്രവർത്തനസമയം വർധിപ്പിക്കാനും ആലോചനയുണ്ട്. സാധാരണ സമയത്തെക്കാൾ കൂടുതൽ തുറന്നിരിക്കാൻ മാരുതി സുസുക്കി ഷോറൂമുകൾ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഉത്തരേന്ത്യയിൽ കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽ സെയിൽസ് പ്രമോഷൻ ഇവന്റുകൾ വൈകുന്നേരങ്ങളിലേക്ക് മാറ്റാനും ഡീലർമാർ ആലോചിക്കുന്നുണ്ട് .
കാരണമെന്ത് ?
ഉത്തരേന്ത്യയിൽ വിവാഹ സീസൺ അവസാനിച്ചതും കൊടും ചൂടും മൺസൂൺ വൈകിയതുമെല്ലാം വിൽപ്പന കുറയാൻ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു . ഷോറൂമിലേക്ക് എത്തുന്ന ആളുകൾ കുറഞ്ഞതിനോടൊപ്പം വാങ്ങാൻ നിശ്ചയിച്ചിരുന്നവർ തീരുമാനം മാറ്റിവച്ചതും വിൽപ്പനയെ ബാധിച്ചു. വിപണിയിൽ ഇന്ധനക്ഷമത കൂടിയ വാഹനങ്ങളെത്തുമെന്ന വാർത്തകളും ആളുകളെ സ്വാധീനിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.
Tags:    

Similar News