നിങ്ങളുടെ ബാങ്ക് നിക്ഷേപത്തിന് ഉറപ്പായ പരിരക്ഷ; കേന്ദ്ര മന്ത്രിസഭ പാസാക്കിയ ബില്‍ അറിയാം

എല്ലാതരത്തിലുള്ള ബാങ്ക് നിക്ഷേപകങ്ങള്‍ക്കും ഇനി അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ. നിങ്ങള്‍ക്കും ലഭിക്കുമോ, ലഭിക്കാന്‍ എന്ത് ചെയ്യണം.

Update:2021-07-29 15:04 IST

ബാങ്കിലെ വിവിധ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഫിക്‌സഡ് ഡെപ്പോസിറ്റ് ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെയുള്ള പരിരക്ഷ ഉറപ്പാക്കുന്ന ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി ബില്‍ 2021 നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതോടെ ബാങ്ക് പൊളിഞ്ഞാലും നിക്ഷേപ തുകയ്ക്ക് അഞ്ച് ലക്ഷം വരെ പരിരക്ഷ ലഭിക്കും.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി ബാങ്കുകള്‍ പൊളിഞ്ഞിരുന്നു. എത്ര തുക നിക്ഷേപിച്ചാലും ഫെബ്രുവരി 2020 വരെ ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് മാത്രമായിരുന്നു ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചിരുന്നത്. ഇതോടെ നിക്ഷേപങ്ങളുടെ പരിരക്ഷ ഉറപ്പാക്കാന്‍ പരിധി ഉയര്‍ത്തണമെന്ന് വിവിധ മേഖലകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. റിസര്‍വ് ബാങ്ക് ഇതനുസരിച്ച് മാര്‍ച്ച് 2021 ല്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ബില്ലിന് രൂപം നല്‍കിയത്. എല്ലാ തരത്തിലുള്ള ബാങ്ക് നിക്ഷേപങ്ങള്‍ക്കും അഞ്ചുലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ് പുതിയ ബില്‍. ഈ ബില്ലിനാണ് ഇപ്പോള്‍ അംഗീകാരമായത്.
നിലവില്‍ രാജ്യത്തെ വിവിധ ബാങ്കുകളിലായുള്ള 98.3 ശതമാനം നിക്ഷേപങ്ങളും സുരക്ഷിതമാക്കാന്‍ ബില്ലിലൂടെ സാധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. പുതിയ തീരുമാനമനുസരിച്ച് 90 ദിവസത്തിനകം ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. മോറട്ടോറിയം കാലാവധി ഇതിന് ബാധിക്കില്ല. ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോവുകയാണെങ്കില്‍ കൂടിയും ഉപഭോക്താവിന് ബില്ല് സംരക്ഷണം ഉറപ്പാക്കും. എന്നാല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കണം.
ഈ സൗകര്യത്തിനായി രജിസ്റ്റര്‍ ചെയ്യുകയും അനുബന്ധ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുകയും വേണം. ഉപഭോക്താവിന്റെ കെവൈസി രേഖകളും അപ്‌ഡേറ്റഡ് ആയിരിക്കണം. നിങ്ങള്‍ നിക്ഷേപം നടത്തിയിരിക്കുന്ന ബാങ്കുകളും ഡിഐസിജിസിയില്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രീമിയം അടയ്ക്കുകയും ചെയ്യേണ്ടതുമാണ്.


Tags:    

Similar News