ബജാജിനോട് 'ബൈ' പറയാന്‍ അലയന്‍സ്, കാരണം ഓഹരി വിഹിതത്തെ കുറിച്ചുള്ള തര്‍ക്കങ്ങളോ?

ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ് സംയ്കുത സംരംഭങ്ങളില്‍ നിന്ന് പിന്മാറിയേക്കും

Update:2024-10-22 17:23 IST

ബജാജ് ഗ്രൂപ്പുമായുള്ള സംയ്കുത ഇന്‍ഷുറന്‍സ് സംരംഭങ്ങളില്‍ നിന്ന് ജര്‍മന്‍ കമ്പനിയായ അലയന്‍സ് പിന്‍മാറാനൊരുങ്ങുന്നു, ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസുകളില്‍ 20 വര്‍ഷത്തിലേറെയായ കൂട്ടുകെട്ടിനാണ് ഇതോടെ വിരാമമാവുക.. ബജാജ് ഫിന്‍സെര്‍വാണ് ഇക്കാര്യം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. തുടര്‍ന്ന് ഓഹരി വില 0.85 ശതമാനം ഇടിഞ്ഞ് 1,744.05 രൂപയിലെത്തി.

സംയുക്ത സംരംഭത്തില്‍ 74 ശതമാനം ഓഹരി പങ്കാളിത്തം ബജാജ് ഫിന്‍സെര്‍വിനാണ്. ബാക്കി 26 ശതമാനം ഓഹരികളാണ് അലയന്‍സിനുള്ളത്. കമ്പനിയുടെ നയപരമായ മുന്‍ഗണനകള്‍ മാറിയതാണ് ബിസിനസില്‍ നിന്ന് പുറത്തു കടക്കാന്‍ കാരണമെന്നാണ് കമ്പനി സൂചിപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണെന്നും ബജാജ് ഫിന്‍സെര്‍വിനോ ഉകമ്പനികള്‍ക്കോ ഇതേ കുറിച്ച് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഓഹരിയുടമകള്‍ക്കോ ജീവനക്കാര്‍ക്കോ പ്രശ്‌നം വരാത്ത രീതിയില്‍ രമ്യതയില്‍ പിന്‍മാറ്റ നടപടികള്‍ കൊണ്ടു പോകുമെന്ന് അലയന്‍സ് വ്യക്തമാക്കിയതായും കമ്പനി പറയുന്നു.

ഓഹരി പങ്കാളിത്തത്തില്‍ മുറുമുറപ്പ്

എന്നാല്‍ ഇരു കമ്പനികളും തമ്മിലുള്ള പങ്കാളിത്തത്തില്‍ പ്രശ്‌നങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് പിന്‍മാറ്റമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ജര്‍മന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് സംയുക്ത സംരംഭങ്ങളായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സിലും ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിലും ആദായ വിലയില്‍ (ഡിസ്‌കൗണ്ട് പ്രൈസ്) ഓഹരി പങ്കാളിത്തം കൂട്ടാന്‍ ഇന്ത്യന്‍ കമ്പനി അനുവദിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
അതേസമയം ഇന്ത്യയില്‍ സാന്നിധ്യം നിലനിറുത്താന്‍ പുതിയ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഓഹരി സ്വന്തമാക്കാന്‍ അലയന്‍സ് പദ്ധതിയിടുന്നതായും അറിയുന്നു.
Tags:    

Similar News