ആര്‍ബിഐയുടെ അടുത്ത നിരക്ക് വര്‍ധനവ്, പലിശ നിരക്ക് എത്രത്തോളം ഉയരും ?

സെപ്റ്റംബര്‍ 28-30 തീയതികളിലാണ് മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം

Update:2022-09-14 13:45 IST

ഭക്ഷ്യവിഭവങ്ങളുടെ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് മാസം രാജ്യത്തെ ചില്ലറ പണപ്പെരുപ്പം (Retail Price Inflation) ഏഴു ശതമാനത്തില്‍ എത്തി. ജൂലൈ മാസത്തെ അപേക്ഷിച്ച് 0.3 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയെ തുടര്‍ന്നുണ്ടായ കൃഷിനാശം വരും മാസങ്ങളില്‍ ഭക്ഷ്യവില ഉയരാന്‍ കാരണമാവും എന്നാണ് വിലയിരുത്തല്‍. 12.41 ശതമാനം ആണ് ഓഗസ്റ്റ് മാസത്തെ മൊത്തവില പണപ്പെരുപ്പം (Wholesale Inflation). രാജ്യത്തെ മൊത്തവില പണപ്പെരുപ്പം കഴിഞ്ഞ 17 മാസമായി രണ്ടക്കത്തില്‍ തുടരുകയാണ്. 

ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റീപോ നിരക്ക് (Repo Rate) വീണ്ടും ഉയര്‍ത്തും. സെപ്റ്റംബര്‍ 28-30 തീയതികളിലാണ് മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം നിശ്ചയിച്ചിരിക്കുന്നത്. റീപോ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച തീരുമാനം ഈ യോഗത്തിലായിരിക്കും കൈക്കൊള്ളുക. വിലക്കയറ്റം നിയന്ത്രിക്കാന്‍ പലിശ നിരക്ക് ഉയര്‍ത്തുന്നത് നിക്ഷേപങ്ങള്‍ കുറയുന്നതിലേക്കും വളര്‍ച്ചാ മുരടിപ്പിലേക്കും നയിച്ചേക്കാം. ഈ ഒരു സാഹചര്യം കൂടി മുന്നില്‍ കണ്ടുകൊണ്ടായിരിക്കും എംപിസി തീരുമാനങ്ങള്‍ എടുക്കുക.

സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോവാതെ നോക്കേണ്ടതുണ്ടെന്ന് എംപിസി അംഗമായ അഷിമ ഗോയല്‍ കഴിഞ്ഞ ദിവസം റോയിറ്റേഴ്‌സിനോട് പറഞ്ഞിരുന്നു. വളരെ സാവധാനത്തില്‍ ആയിരിക്കണം പലിശ നിരക്ക് ഉയര്‍ത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള രാജ്യത്തെ പണപ്പെരുപ്പം കഴിഞ്ഞ എട്ട് മാസമായി ആര്‍ബിഐ നിശ്ചയിച്ച പരിധിക്കും (6 ശതമാനം) മുകളിലാണ്. മെയ് മാസം മുതല്‍ മൂന്ന് ഘട്ടങ്ങളിലായി റീപോ നിരക്ക് വര്‍ധിപ്പിച്ചത് 1.40 ശതമാനം ആണ്. ഇത്തവണ 0.35-0.50 ശതമാനം നിരക്ക് വര്‍ധനവാണ് സാമ്പത്തിക രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്. 

Tags:    

Similar News