യുപിഐ വഴി ഈ വര്‍ഷം ഇന്ത്യക്കാര്‍ കൈമാറിയത് 75 ലക്ഷം കോടി രൂപ!

ഫെബ്രുവരിയില്‍ നടത്തിയത് 8.26 ലക്ഷം കോടി മൂല്യം വരുന്ന 452 കോടി ഇടപാടുകള്‍

Update: 2022-03-02 10:58 GMT

യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്(യുപിഐ) വഴിയുടെ പണമിടപാടില്‍ ഫെബ്രുവരിയില്‍ നേരിയ ഇടിവ്. നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യുടെ കണക്കനുസരിച്ച് ഫെബ്രുവരിയില്‍ 452 കോടി ഇടപാടുകളിലൂടെ 8.26 ലക്ഷം കോടി രൂപയുടെ ക്രയവിക്രയമാണ് നടത്തിയിരിക്കുന്നത്. ജനുവരിയില്‍ 4.61 ഇടപാടുകളിലൂടെ നടത്തിയ 8.32 ലക്ഷം കോടി രൂപയുടെ ഇടപാടുകളേക്കാള്‍ നേരിയ ഇടിവ്.

അതേസമയം ഫെബ്രുവരിയില്‍ ഏതാനും ദിവസം കുറവാണെന്നത് തുക കുറയാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയേക്കാള്‍ എണ്ണത്തില്‍ 97 ശതമാനവും മൂല്യത്തില്‍ 94 ശതമാനവും വര്‍ധന ഇത്തവണ ഉണ്ടായിട്ടുണ്ട്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മേയില്‍ യുപിഐ ഇടപാടുകളില്‍ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും അതിനു ശേഷം പടിപടിയായി ഉയരുകയായിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവര 4049 കോടി ഇടപാടുകളിലൂടെ 74.51 ലക്ഷം കോടി രൂപയാണ് ക്രയവിക്രയം നടത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വരുമിത്.
അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 100 കോടി ഇടപാടുകള്‍ എന്നതാണ് എന്‍പിസിഐയുടെ ലക്ഷ്യം. ഇതിനായി മൂന്ന് 'സീറോ' കളെ കൂട്ടുപിടിക്കുകയാണ് അധികൃതര്‍. സീറോ ടച്ച്, സീറോ ടൈം (വേഗത്തില്‍ ഇടപാട് നടത്താനാകുക), സീറോ കോസ്റ്റ് എന്നിവയാണത്.
2016 ല്‍ യുപിഐ സംവിധാനം നിലവില്‍ വന്നതിനു ശേഷം മൂന്നു വര്‍ഷം കൊണ്ടാണ് 100 കോടി ഇടപാടുകള്‍ കൈവരിക്കാനായത്. എന്നാല്‍ അടുത്ത 100 കോടി ഇടപാടുകള്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം മാത്രമേ വേണ്ടിവന്നുള്ളൂ. 2020 ഒക്ടോബറിലെ കണക്കനുസരിച്ച് ആകെ യുപിഐ ഇടപാടുകളുടെ എണ്ണം 200 കോടിയായിരുന്നു.
യുപിഐ പേമെന്റുകളെ ഓട്ടോപേ ഫീച്ചറാകും ഭാവിയില്‍ മുന്നോട്ട് കൊണ്ടുപോകുകയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


Tags:    

Similar News