സിറ്റിബാങ്കിന്റെ ഇന്ത്യന്‍ കണ്‍സ്യൂമര്‍ ബിസിനസ് ആക്‌സിസ് ഏറ്റെടുക്കുന്നു, 12,325 കോടിയുടെ ഇടപാട്

ഇടപാടിലൂടെ രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളില്‍ മുന്‍നിരയിലേക്ക് ആക്‌സിസ്

Update:2022-03-31 10:47 IST

സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ കണ്‍സ്യൂമര്‍ ബിസിനസ് ഏറ്റെടുക്കാന്‍ ഒരുങ്ങി ആക്‌സിസ് ബാങ്ക്. 12,325 കോടിയുടേതാണ് ഇടപാട്. സിറ്റിയുടെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ്, വായ്പ പോര്‍ട്ട്‌ഫോളിയോ, വെല്‍ത്ത് മനേജ്‌മെന്റ് ബിസിനസ് തുടങ്ങിയവ ആക്‌സിസ് ബാങ്കിന് കൈമാറും. 2014ല്‍ കൊടാക്ക് മഹീന്ദ്ര 15,000 കോടിക്ക് ഐഎന്‍ജി വ്യാസയെ ഏറ്റെടുത്തതിന് ശേഷം ബാങ്കിങ് മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ ഇടപാടാണിത്.

സിറ്റിയുടെ എന്‍ബിഎഫ്‌സി സ്ഥാപനമായ സിറ്റികോര്‍പ് ഫിനാന്‍സും (ഇന്ത്യ) ആക്‌സിസ് ബാങ്ക് ഏറ്റെടുക്കും. ഡീലിലൂടെ സിറ്റി ബാങ്കിന്റെ 3 മില്യണോളം വരുന്ന ഉപഭോക്താക്കളെയാണ് ആക്‌സിസ് ബാങ്കിന് ലഭിക്കുക. സിറ്റി ബാങ്കിന്റെ 2.5 മില്യണ്‍ കാര്‍ഡ് ഉടമകളെ ആക്‌സിസ് ബാങ്കിന് ലഭിക്കുന്നതോടെ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ബിസിനസില്‍ 57 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇരു ബാങ്കുകളും ചേര്‍ന്ന് 2022 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 11,318 കോടിയുടെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളാണ് നടത്തിയത്.
ഇടപാട് പൂര്‍ത്തിയാവുന്നതോടെ ക്രെഡിറ്റ് കാര്‍ഡ് രംഗത്ത് ഐസിഐസിഐ ബാങ്കിന് തൊട്ട് പിന്നില്‍ നാലാമതാവും ആക്‌സിസിന്റെ സ്ഥാനം. എച്ച്ഡിഎഫ്‌സി ബാങ്കും എസ്ബിഐയും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. സിറ്റി ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ ലഭിക്കുന്ന റിവാര്‍ഡ് പോയിന്റ്, ഓഫര്‍ ആനുകൂല്യങ്ങളൊക്കെ തുടരുമെന്ന് ആക്‌സിസ് അറിയിച്ചിട്ടുണ്ട്. സിറ്റിയുടെ ഉപഭോക്താക്കളെ പൂര്‍ണമായി ആക്‌സിസിലേക്ക് മാറ്റാന്‍ 9 മാസം മുതല്‍ രണ്ട് വര്‍ഷം വരെ വേണ്ടി വന്നേക്കും.
1,600 കോര്‍പറേറ്റുകളുടെ, പ്രതിമാസം 70,000 രൂപ ശരാശരി ശമ്പളമുള്ള ഒരു മില്യണോളം സാലറി അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കിന് ലഭിക്കും. സിറ്റി ബാങ്കിന്റെ 3600 ജീവനക്കാര്‍ക്ക് ആക്‌സിസ് ബാങ്കിന്റെ കീഴില്‍ തുടരാനാവും. സിറ്റിയുടെ 7 ഓഫീസുകള്‍, 21 ബ്രാഞ്ചുകള്‍, 18 നഗരങ്ങളിലായുള്ള 499 എടിഎമ്മുകള്‍ തുടങ്ങിയവ ആക്‌സിസ് ബാങ്കിന്റെ ഭാഗമാവും. അടുത്ത 9-12 മാസത്തിനുള്ളില്‍ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലേത് ഉള്‍പ്പടെ 13 രാജ്യങ്ങളിലെ റീട്ടെയില്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങളാണ് സിറ്റി അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ കമ്പനികള്‍ക്കായുള്ള ബാങ്കിങ് ബിസിനസ് സിറ്റി തുടരും.


Tags:    

Similar News