ബാങ്ക് വായ്പാ വിതരണത്തില്‍ നേരിയ വര്‍ധന മാത്രം; നിക്ഷേപം കൂടുന്നു

രാജ്യത്ത് ബാങ്കുകളുടെ വായ്പാ വളര്‍ച്ച നിരക്ക് 6.55 ശതമാനവും നിക്ഷേപ വളര്‍ച്ചാ നിരക്ക് 10.58 ശതമാനവുമാണെന്ന് റിസര്‍വ് ബാങ്ക്

Update: 2021-08-28 14:40 GMT

വായ്പാ വിതരണത്തില്‍ ബാങ്കുകള്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് പുറത്തു വിട്ട കണക്കു പ്രകാരം ഓഗസ്റ്റ് 13ന് അവസാനിച്ച ദ്വൈവാരത്തില്‍ വായ്പാ വളര്‍ച്ചാ നിരക്ക് 6.55 ശതമാനമാണ്. 108.89 ലക്ഷം കോടി രൂപയാണ് ഇക്കാലയളവില്‍ രാജ്യത്തെ ബാങ്കുകള്‍ നല്‍കിയിരിക്കുന്ന ആകെ വായ്പ. അതേസമയം ഡിപ്പോസിറ്റ് വളര്‍ച്ചാ നിരക്ക് 10.58 ശതമാനമാണ്. 155.70 ലക്ഷം കോടി രൂപയാണ് രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയത്.

കോവിഡ് വ്യാപനം രീക്ഷമായിരുന്ന കഴിഞ്ഞ ഓഗസ്റ്റ് 14 ലെ കണക്കനുസരിച്ച് 102.19 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ വായ്പയായി നല്‍കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം അതില്‍ നാമമാത്രമായ തുക മാത്രമാണ് വര്‍ധിച്ചത്. അന്ന് 140.80 ലക്ഷം കോടി രൂപ നിക്ഷേപം നേടിയപ്പോള്‍ ഇത്തവണ അത് 155.70 ലക്ഷം കോടിയിലെത്തി.
ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയുടെ കണക്കനുസരിച്ച 8-9 ശതമാനം വായ്പാ വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചിരുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ താരതമ്യേന കുറഞ്ഞു വന്നെങ്കിലും വായ്പാ വിതരണത്തില്‍ കാര്യമായ വര്‍ധനയുണ്ടായില്ല.


Tags:    

Similar News