ബാങ്ക് അക്കൗണ്ടുകള്‍ പെട്ടെന്ന് കാലിയായി, പരിഭ്രാന്തി; സംഭവിച്ചത് ഇതാണ്‌

സാങ്കേതിക തകരാറിനെതിരെ പരാതിപ്രളയം

Update:2024-10-03 20:53 IST

ബാങ്ക് ഓഫ് അമേരിക്കയില്‍ അക്കൗണ്ട് ഉള്ളവര്‍ ഞെട്ടിയ ദിവസമാണ് കടന്നു പോയത്. അക്കൗണ്ടിലുള്ള പണമൊന്നും കാണുന്നില്ല. എല്ലാം സീറോ ബാലന്‍സ്. അമേരിക്കയില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിനാണ് ഇത് ഇടയാക്കിയത്. സാങ്കേതിക തകരാര്‍ മൂലം എല്ലാ അക്കൗണ്ടുകളും സീറോ ബാലന്‍സ് കാണിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ അക്കൗണ്ട് ഉടമകള്‍ കൂട്ടത്തോടെ ബാങ്കുമായി ബന്ധപ്പെട്ടു. കുപിതരായ ഇടപാടുകാർ സാമൂഹ്യമാധ്യമങ്ങളിലൂടെ ബാങ്കിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ത്തി. സാങ്കേതിക പിഴവ് സംഭവിച്ചതായി സമ്മതിച്ച ബാങ്ക് അധികൃതര്‍, തകരാർ  പരിഹരിച്ചു വരികയാണെന്ന് വിശദീകരിച്ചു.

അര മണിക്കൂറിനകം 19,000 പരാതികള്‍

ബുധനാഴ്ച ഉച്ചക്ക് 12.30 മുതലാണ് ബാങ്ക് അക്കൗണ്ടുകളില്‍ സാങ്കേതിക തകരാര്‍ ആരംഭിച്ചത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ ശ്രമിച്ച പലര്‍ക്കും അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല. തുറന്നവരാകട്ടെ അക്കൗണ്ടില്‍ പണമൊന്നുമില്ലെന്ന് കണ്ട് ഞെട്ടുകയായിരുന്നു. പണമെല്ലാം എവിടെപോയി എന്ന ചോദ്യവുമായി അവര്‍ ബാങ്കിനെ ബന്ധപ്പെട്ടു. ഒരു മണിക്കുള്ളില്‍ 19,000 ഇടപാടുകാരാണ് വിവിധ മാധ്യമങ്ങളിലൂടെ പരാതികള്‍ ഉന്നയിച്ചത്. ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു കൂടുതല്‍. ബാങ്കിന്റെ കാര്യക്ഷമത ചോദ്യം ചെയ്യുന്ന കടുത്ത വിമര്‍ശനങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞത്. അക്കൗണ്ട് ഉടമകളുടെ പണം ബാങ്ക് എടുത്തതായുള്ള പ്രചാരണവും തുടങ്ങി. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ബാങ്കുകളിലെ പണം മരവിപ്പിച്ചതാണെന്ന വിമര്‍ശനങ്ങളും നിമിഷങ്ങള്‍ക്കകം വ്യാപിച്ചു.

മാപ്പ് പറഞ്ഞ് ബാങ്ക് ഓഫ് അമേരിക്ക

ഇടപാടുകാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ബാങ്ക് ഓഫ് അമേരിക്ക മാപ്പ് പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലം പല അക്കൗണ്ട് ഉടമകള്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിട്ടതായി ബാങ്ക് വ്യക്തമാക്കി. ഇടപാടുകാരുടെ പരാതികള്‍ കേള്‍ക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായും തകരാര്‍ ഏറെകുറെ പൂര്‍ണ്ണമായി പരിഹരിച്ചതായും ബാങ്ക് അധികൃതര്‍ അറിയിച്ചു. പരാതി നല്‍കുന്നതിനുള്ള ലിങ്ക് സോഷ്യല്‍ മീഡിയയില്‍ ബാങ്ക് പങ്കുവെച്ചിരുന്നു.

Tags:    

Similar News