ബാങ്ക് സ്വകാര്യവത്കരണവുമായി മുന്നോട്ട്: നിര്‍മ്മല സീതാരാമന്‍

ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയും സ്വകാര്യവത്കരിക്കും; ബാങ്കിംഗ് നിയമഭേദഗതി ഉടന്‍

Update: 2023-05-29 12:33 GMT

Image : Nirmala Sitharaman/Facebook and Canva

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നടപടികള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മുംബയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. നിലവില്‍ കേന്ദ്രസര്‍ക്കാരിനും എല്‍.ഐ.സിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുറമേ, രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണവുമാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.

ബാങ്ക് സ്വകാര്യവത്കരണത്തിന് ചില നിയമഭേദഗതികള്‍ ആവശ്യമാണ്. അടുത്ത പാർലമെന്റ് സമ്മേളനത്തില്‍ നിയമഭേദഗതികള്‍ അവതരിപ്പിക്കുമെന്നും നിര്‍മ്മല പറഞ്ഞു. ഒരു ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും സ്വകാര്യവത്കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഏതൊക്കെ ബാങ്കുകള്‍?
2021-22 സാമ്പത്തിക വര്‍ഷത്തേക്കായി അവതരിപ്പിച്ച ബജറ്റിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുമെന്ന് അറിയിച്ചത്. അവ ഏതൊക്കെയെന്ന് ഇതുവരെ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയിലെ ഏതെങ്കിലും രണ്ടെണ്ണമാകും സ്വകാര്യവത്കരിക്കപ്പെടുകയെന്നാണ് സൂചനകള്‍. ബാങ്കിംഗ് റെഗുലേഷന്‍ നിയമം, ബാങ്കിംഗ് കമ്പനീസ് (അക്വിസിഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍) നിയമം എന്നിവ പരിഷ്‌കരിച്ചാകും സ്വകാര്യവത്കരണം നടപ്പാക്കുക.
സ്വകാര്യവത്കരിക്കുന്ന ഇന്‍ഷ്വറന്‍സ് കമ്പനി ഏതെന്നും കേന്ദ്രം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ്, ഓറിയന്റല്‍ ഇന്ത്യ ഇന്‍ഷ്വറന്‍സ് എന്നിവയിലൊന്നിനാണ് സാദ്ധ്യത.
നിലവില്‍ 12 ബാങ്കുകള്‍
2017ല്‍ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നു. എസ്.ബി.ടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും പിന്നീട് എസ്.ബി.ഐയില്‍ ലയിച്ചു. പിന്നീട് യുണൈറ്റ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് എന്നിവയെ പഞ്ചാബ് നാഷണല്‍ ബാങ്കിലും സിന്‍ഡിക്കേറ്റ് ബാങ്കിനെ കനറാ ബാങ്കിലും ലയിപ്പിച്ചു.
അലഹാബാദ് ബാങ്കിനെ ഇന്ത്യന്‍ ബാങ്കിലും ആന്ധ്രാബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയെ യൂണിയന്‍ ബാങ്കിലും വിജയബാങ്ക്, ദേന ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയും ലയിപ്പിച്ചതോടെ രാജ്യത്തെ ആകെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങി.
എന്തിനാണ് ലയനവും സ്വകാര്യവത്കരണവും?
രാജ്യത്ത് പൊതുമേഖലയില്‍ ഇത്രയധികം ബാങ്കുകള്‍ ആവശ്യമില്ലെന്ന് വിലയിരുത്തിയായിരുന്നു ലയനത്തിലേക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ ചുവടുവച്ചത്. പൊതുമേഖലയില്‍ പത്തില്‍ താഴെ ബാങ്കുകളാണ് സര്‍ക്കാരിന്റെ ഉന്നം. ബാങ്കുകള്‍ക്ക് മൂലധന സഹായമായി കേന്ദ്രം വന്‍തുക നല്‍കിയിരുന്നു. ചെറിയ ബാങ്കുകളെ വലിയ ബാങ്കുകളില്‍ ലയിപ്പിക്കുന്നതിലൂടെ ഈ ബാദ്ധ്യത ഒഴിവാക്കാമെന്ന വിലയിരുത്തലും ലയനത്തിന് വഴിയൊരുക്കി. നിഷ്‌ക്രിയ ആസ്തി അനുപാതം മെച്ചപ്പെടുത്തുകയും ലക്ഷ്യമായിരുന്നു.
Tags:    

Similar News