ബാങ്കുകള്‍ എഫ്.ഡി പലിശ കുറയ്ക്കാന്‍ തുടങ്ങി; ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന പലിശ നേടാം

റിസര്‍വ് ബാങ്കിന്റെ പണനയ യോഗം ഈയാഴ്ച, പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ല

Update: 2023-06-06 06:26 GMT

വലിയ ബാങ്കുകള്‍ മൂന്ന് വര്‍ഷം വരെയുള്ള ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ (എഫ്.ഡി) പലിശ നിരക്ക് കുറയ്ക്കാന്‍ തുടങ്ങി. രാജ്യത്തെ ബാങ്കിംഗ് സംവിധാമത്തിന് അനുയോജ്യമായ പരിധിയില്‍ പണലഭ്യത എത്തിയതോടെയാണ് ഈ തീരുമാനം. മാത്രമല്ല നിയന്ത്രണത്തിന് പിന്നാലെ 2000 രൂപാ നോട്ടുകള്‍ നിക്ഷേപിച്ചതിലൂടെ ബാങ്കിംഗ് സംവിധാനത്തിലെ നിക്ഷേപവും വര്‍ധിച്ചിട്ടുണ്ട്.

ഏപ്രിലിലെ സി.പിഐ നാണ്യപ്പെരുപ്പം ആര്‍.ബി.ഐയുടെ സഹന പരിധിയായ 6 ശതമാനത്തിന് താഴെയായിരുന്നു. അതിനാല്‍ ആര്‍.ബി.ഐയും റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പല ബാങ്കുകളും കുറയ്ക്കുന്ന സാഹചര്യത്തില്‍ മറ്റ് ബാങ്കുകള്‍ ഈ നിരക്ക് കുറയ്ക്കുന്നതിന് മുമ്പ് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിലൂടെ നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനം ഉറപ്പാക്കാന്‍ കഴിയും.

നിക്ഷേപ നിരക്കുകള്‍

ചില ചെറിയ സ്വകാര്യ ബാങ്കുകളും ചെറുകിട ഫിനാന്‍സ് ബാങ്കുകളും മാത്രം എഫ്.ഡി നിരക്കുകള്‍ ഉയര്‍ത്തിരുന്നു. എന്നാല്‍ വലിയ ബാങ്കുകളായ ആക്സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ മെയ് പകുതി മുതല്‍ നിശ്ചിത കാലയളവിലെ എഫ്.ഡികളുടെ നിരക്ക് കുറച്ചു.

റിസര്‍വ് ബാങ്കിന്റെ പണനയം

റിസര്‍വ് ബാങ്കിന്റെ ത്രിദിന മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി) യോഗം ഇന്ന് ആരംഭിക്കും. കഴിഞ്ഞ യോഗത്തില്‍ ആര്‍.ബി.ഐ റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ 6.5 ശതമാനം എന്ന നിരക്കില്‍ തുടരുകയായിരുന്നു. പണപ്പെരുപ്പം നിയന്ത്രിതമാവുകയും കൂടുതല്‍ കുറയാനുമുള്ള സാഹചര്യം കണക്കിലെടുത്ത് ഈ യോഗത്തിലും പലിശ നിരക്കില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. അതായത് നിരക്കുകള്‍ താല്‍ക്കാലികമായി മാറ്റമില്ലാതെ തുടരാന്‍ സാധ്യതയുണ്ട്.

Tags:    

Similar News