15 ദിവസം കൊണ്ട് ബാങ്കുകള്‍ നല്‍കിയത് 63,574 കോടിയുടെ വായ്പ

10,580 കോടിരൂപയാണ് എസ്ബിഐ ഇക്കാലയളവില്‍ വായ്പയായി നല്‍കിയത്.

Update: 2021-11-03 08:01 GMT

ക്രെഡിറ്റ് ഔട്ട്‌റീച്ച് പ്രോഗ്രാമിൻ്റെ ഭാഗമായി 15 ദിവസം കൊണ്ട് രാജ്യത്തെ ബാങ്കുകള്‍ നല്‍കിയത് 63,574 കോടി രൂപയുടെ വായ്പ. ഒക്ടോബര്‍ 16 മുതൽ 31 വരെയുള്ള കണക്കാണിത്. ഇക്കാലയളവില്‍ 1.38 ദശലക്ഷം ആളുകള്‍ക്ക് വായ്പ ലഭിച്ചു. കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സമ്പദ് വ്യവസ്ഥയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍ ചേര്‍ന്നാണ് ക്രെഡിറ്റ് ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചത്.

കേന്ദ്ര സര്‍ക്കാരിൻ്റെ എമര്‍ജന്‍സി ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമിലൂടെയും പ്രത്യേക ക്യാമ്പുകളിലൂടെയുമാണ് വ്യക്തികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും വായ്പ അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ആണ് ഏറ്റവും അധികം തുക (10,580 കോടിരൂപ) വായ്പ നല്‍കിയത്.
എച്ച്ഡിഎഫ്‌സി ബാങ്കാണ് രണ്ടാമത്. 8,421 കോടിരൂപയാണ് എച്ച്ഡിഎഫ്‌സി നല്‍കിയത്. ബാങ്ക് ഓഫ് ബറോഡ 5,555 കോടിയും പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ 5,399 കോടിയും വായ്പയായി നല്‍കി. കാര്‍ഷിക ആവശ്യങ്ങള്‍ക്കായാണ് കൂടുതല്‍ ആളുകളും( 7,10,079 പേര്‍) വായ്പ എടുത്തത്. എന്നാല്‍ അറ്റവും അധികം തുക അനുവദിക്കപ്പെട്ടത് ബിസിനസ് ആവശ്യങ്ങള്‍ക്കാണ്. 21,687 കോടിരൂപയാണ് ഈ വിഭാഗത്തില്‍ നല്‍കിയത്.


Tags:    

Similar News