ശമ്പളക്കാരല്ലാത്തവര്‍ക്കും ഭവനവായ്പക്ക് അവസരം

സാലറി സര്‍ട്ടിഫിക്കറ്റ് ആവശ്യം വരില്ല

Update:2024-07-27 12:58 IST

loans.sbi

ഭവന വായ്പ ലഭിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവുകള്‍ വരുന്നു. വായ്പ ലഭിക്കാന്‍ അപേക്ഷകന്‍ ശമ്പളക്കാരനോ നികുതി ദായകനോ ആയിരിക്കണമെന്ന നിബന്ധനകളില്‍ വൈകാതെ മാറ്റം വരുമെന്നാണ് കേന്ദ്ര ധനകാര്യ വകുപ്പില്‍ നിന്നുള്ള സൂചനകള്‍. ഇതുസംബന്ധിച്ച കാര്യങ്ങളില്‍ രൂപരേഖ തയ്യാറാക്കി വരികയാണെന്ന് കേന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞു. അപേക്ഷകന്റെ ബാങ്ക് ക്രെഡിറ്റ് സ്‌കോര്‍ നോക്കാതെ, ഡിജിറ്റല്‍ ഇടപാടുകളുടെ ചരിത്രം പരിശോധിച്ച് ബാങ്കുകള്‍ക്ക് വായ്പ അനുവദിക്കാനുള്ള സംവിധാനമാണ് വരുന്നത്. മികച്ച രീതിയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് വായ്പ ലഭിക്കാന്‍ കൂടുതല്‍ എളുപ്പമാകും.

മാതൃക എം.എസ്.എം.ഇ വായ്പ 

ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ച എം.എസ്.എം.ഇ വായ്പാ മാതൃകയിലാണ് ഭവന വായ്പയിലും  മാറ്റം വരുത്താന്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ശ്രമം നടത്തുന്നത്. വായ്പ അനുവദിക്കുന്നതിന്  എം.എസ്.എം.ഇ യുണിറ്റുകളുടെ ഡിജിറ്റൽ ബാങ്കിങ് ഇടപാടുകള്‍ പരിശോധിച്ചാല്‍ മതിയാകുമെന്നാണ് പുതിയ നിര്‍ദേശം. യൂണിറ്റുകളുടെ ബാലന്‍സ് ഷീറ്റ്, പുറത്തു നിന്നുള്ള ഏജന്‍സികളുടെ അസസ്‌മെന്റ് റിപ്പോര്‍ട്ട് തുടങ്ങിയവ വേണമെന്ന സാങ്കേതികത്വവും ഒഴിവാക്കുന്നുണ്ട്. ഭവന വായ്പകളുടെ  കാര്യത്തിലും സാലറി സര്‍ട്ടിഫിക്കറ്റ്, ആദായ നികുതി അടവ് തുടങ്ങിയവ മാനദണ്ഡമാക്കില്ല. പകരം,  ബാങ്ക് ഇടപാടുകള്‍ പരിശോധിച്ച് മികച്ചതാണെന്ന് ബാങ്കുകള്‍ക്ക് ബോധ്യപ്പെട്ടാല്‍ വായ്പ അനുവദിക്കാനാകുമെന്ന് വിവേക് ജോഷി പറഞ്ഞു.

മാറ്റം മൂന്നു മാസത്തിനകം

വായ്പാ മാനദണ്ഡം സംബന്ധിച്ച മാറ്റങ്ങള്‍ മൂന്നു മാസത്തിനകം നടപ്പില്‍ വരും. ബാങ്കുകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായി വിവേക് ജോഷി വെളിപ്പെടുത്തി. എം.എസ്.എം.ഇ മേഖലയില്‍ ചെറുകിട വ്യാപാരികള്‍ക്ക് കൂടി വായ്പ എളുപ്പത്തില്‍ കിട്ടാന്‍ പുതിയ ഇളവുകള്‍ സഹായിക്കും. ഒരു ചായക്കട നടത്തുന്നയാള്‍ക്ക് ബാലന്‍സ് ഷീറ്റ് ഉണ്ടാകണമെന്നില്ല. എന്നാല്‍ അയാള്‍ മികച്ച ബാങ്ക് ഇടപാടുകള്‍ നടത്തുന്നയാളായിരിക്കും. ഇത് ബാങ്കുകള്‍ക്ക് സ്വയം ബോധ്യപ്പെട്ടാല്‍ എം.എസ്.എം.ഇ വായ്പ അനുവദിക്കാനാകുമെന്നും വിവേക് ജോഷി പറഞ്ഞു.

Tags:    

Similar News