ഒന്നാം പാദ പ്രവര്‍ത്തന കണക്കുകളില്‍ മുന്നേറി സി.എസ്.ബി ബാങ്ക് ഓഹരി, എസ്.ഐ.ബിക്ക് നേരിയ മുന്നേറ്റം

രാവിലത്തെ വ്യാപാരത്തിനിടയില്‍ സി.എസ്.ബി ബാങ്ക് ഓഹരി അഞ്ച് ശതമാനം വരെ ഉയര്‍ന്നിരുന്നു

Update:2024-07-02 15:10 IST

കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കുകളായ സൗത്ത് ഇന്ത്യന്‍ ബാങ്കും സി.എസ്.ബി ബാങ്കും 2024-25 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ പ്രാഥമിക പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊത്തം വായ്പകള്‍ മാര്‍ച്ചിലെ 74,102 കോടി രൂപയില്‍ നിന്ന് 82,510 കോടി രൂപയായി വര്‍ധിച്ചു. 11.35 ശതമാനമാണ് വര്‍ധന. ഇക്കഴിഞ്ഞ മാര്‍ച്ച് പാദം അവസാനത്തില്‍ 80,426 കോടി രൂപയായിരുന്നു വായ്പകള്‍.
ഇക്കാലയളവില്‍ നിക്ഷേപങ്ങളില്‍ 8.41 ശതമാനം വര്‍ധനയുണ്ടായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനകാലയളവിലെ 95,499 കോടി രൂപയില്‍ നിന്ന് 1.03 ലക്ഷം കോടി രൂപയായി. മാര്‍ച്ച് പാദം അവസാനിക്കുമ്പോള്‍ നിക്ഷേപം 1.01 ലക്ഷം കോടി രൂപയായിരുന്നു.

കാസ അനുപാതത്തിൽ കാലിടറി 

ബാങ്കുകളുടെ സാമ്പത്തികാരോഗ്യം കാണിക്കുന്ന കാസാ നിക്ഷേപങ്ങള്‍ 31,166 കോടി രൂപയില്‍ നിന്ന്  32,998 കോടി രൂപയായി ഉയർന്നു. കാസാ നിക്ഷേപങ്ങളിലെ വളര്‍ച്ച 5.88 ശതമാനമാണ്. അതേസമയം കാസാ നിക്ഷേപ അനുപാതം 77 ബേസിസ് പോയിന്റ് കുറഞ്ഞ് 32.64 ശതമാനമായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ജൂണ്‍ പാദത്തില്‍ 31.87 ശതമാനവും ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ 32.08 ശതമാനവുമായിരുന്നു.
ബാങ്കിന്റെ നിക്ഷേപ വളര്‍ച്ചയും കാസാ അനുപാതവും തൃപ്തികരമല്ലാത്തത് ഇന്ന് ഓഹരികളെയും ബാധിച്ചു. 0.37 ശതമാനം ഉയര്‍ന്ന് 27.06 രൂപയിലാണ് ഓഹരി വിലയുള്ളത്. ഈ വര്‍ഷം ഇതുവരെ 9.69 ശതമാനം നേട്ടമാണ് എസ്.ഐ.ബി ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്.
സി.എസ്.ബി ബാങ്കിന് സ്വര്‍ണ തിളക്കം
സി.എസ്.ബി ബാങ്കിന്റെ നിക്ഷേപങ്ങള്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 22.24 ശതമാനം വര്‍ധിച്ചു. 2023 ജൂണ്‍ പാദത്തില്‍ 24,476 കോടി രൂപയായിരുന്നത് 29,920 കോടിയായി. മാര്‍ച്ച് പാദത്തിലെ 29,719 കോടി രൂപയുമായി നോക്കുമ്പോള്‍ നേരിയ വര്‍ധനയുണ്ട്.
മൊത്തം നിക്ഷേപങ്ങളില്‍ 7,499 കോടി രൂപയും കാസാ നിക്ഷേപങ്ങളാണ്. 22,471 കോടി രൂപയാണ് ടേം നിക്ഷേപങ്ങള്‍. കാസാ നിക്ഷേപങ്ങളില്‍ പക്ഷേ കഴിഞ്ഞ വര്‍ഷവുമായി നോക്കുമ്പോള്‍ 1.32 ശതമാനത്തിന്റെ കുറവുണ്ടായി. ടേം നിക്ഷേപങ്ങള്‍ 32.75 ശതമാനം വര്‍ധിച്ചു.
സ്വര്‍ണ വായ്പകളില്‍ സി.എസ്.ബി ബാങ്ക് വലിയ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. മുന്‍ വര്‍ഷം ജൂണിലെ 10,064 കോടി രൂപയില്‍ നിന്ന് 24.08 ശതമാനം വര്‍ധിച്ച് 12,487 കോടി രൂപയായി. മാര്‍ച്ച് പാദം അവസാനിക്കുമ്പോള്‍ സ്വര്‍ണ വായ്പകള്‍ 11,817 കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്തം വായ്പകളിലും 17.80 ശതമാനം വര്‍ധനയുണ്ട്. 21,307 കോടി രൂപയില്‍ നിന്ന് 25,099 കോടി രൂപയായി. മാര്‍ച്ച് പാദത്തിലിത് 24,572 കോടി രൂപയായിരുന്നു.
ഓഹരിക്കു മുന്നേറ്റം 
വായ്പകളും നിക്ഷേപങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് സി.എസ്.ബി ബാങ്ക് ഓഹരികള്‍ രാവിലെ 5 ശതമാനത്തോളം ഉയര്‍ന്നിരുന്നു. നിലവില്‍ 2.45 ശതമാനം നേട്ടത്തോടെ 384.45 രൂപയിലാണ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഒരു വര്‍ഷക്കാലയളവില്‍ 31.92 ശതമാനം നേട്ടം നല്‍കിയിട്ടുള്ള സി.എസ്.ബി. ബാങ്ക് ഓഹരി പക്ഷെ ഈ വര്‍ഷം ഇതു വരെയുള്ള കാലയളവില്‍ നിക്ഷപകര്‍ക്ക് 8 ശതമാനത്തോളം നഷ്ടമാണ് രേഖപ്പെടുത്തുന്നത്.


Tags:    

Similar News