കനറാ ബാങ്കിന്റെ അറ്റാദായം 3,175 കോടി; 90.6 ശതമാനം വര്‍ധന

12 ശതമാനം ലാഭവിഹിതത്തിന് ശുപാര്‍ശ, ഓഹരി വിലയില്‍ ഇടിവ്

Update: 2023-05-09 10:36 GMT

Image : Dhanam

കനറാ ബാങ്കിന് മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ 3,175 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 90.6 ശതമാനമാണ് വളര്‍ച്ച. അറ്റ പലിശ വരുമാനത്തിലും പലിശേതര വരുമാനത്തിലും വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ പാദത്തില്‍ 2,882 കോടി രൂപയായിരുന്നു അറ്റാദായം.

2023 സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ അറ്റാദായം 86.76 ശതമാനം വര്‍ധിച്ച് 10,604 കോടി രൂപയായി. മുന്‍ വര്‍ഷമിത് 5,678 കോടി രൂപയായിരുന്നു. ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷം ബാങ്കിന്റെ ലാഭം പതിനായിരം കോടി കടക്കുന്നത്.
പലിശ വരുമാനം കൂടി
പലിശയില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ 7,005 കോടി രൂപയില്‍ നിന്ന് 8,617 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ 2.93 ശതമാനത്തില്‍ നിന്ന് 3.07 ശതമാനമായി ഉയര്‍ന്നു. പലിശയിതര വരുമാനം 7.04 ശതമാനം വളര്‍ച്ചയോടെ 4,776 കോടി രൂപയായി.
വായ്പകള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16.41 ശതമാനം വര്‍ധനയോടെ 8.62 ലക്ഷം കോടി രൂപയായി. ചെറുകിട, കാര്‍ഷിക, എം.എസ്.എം.ഇ വായ്പകള്‍ 13.32 ശതമാനം ഉയര്‍ന്ന് 4.77 ലക്ഷം കോടി രൂപയിലെത്തി.
നിക്ഷേപങ്ങള്‍ 8.54 ശതമാനം കൂടി. കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ (CASA) മുന്‍ വര്‍ഷത്തെ 35.88 ശതമാനത്തില്‍ നിന്ന് 33.48 ശതമാനമായി കുറഞ്ഞു. 2024 മാര്‍ച്ചില്‍ കാസ 35 ശതമാനമാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

ആസ്തി നിലവാരം മെച്ചെപ്പെട്ടു

ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ട നിലയിലാണ്. മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) 2022 മാര്‍ച്ചിലെ 7.51 ശതമാനത്തില്‍ നിന്ന് 5.33 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 2.65 ശതമാനത്തില്‍ നിന്ന് 1.73 ശതമാനവുമായി.2024ല്‍ ജി.എന്‍.പി.എ 4.5 ശതമാനവും എന്‍.എന്‍.പിഎ 1.2 ശതമാനവുമായി കുറച്ചുകൊണ്ടുവരാനാകുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
സാങ്കേതികമായി എഴുതിത്തള്ളിയ വായ്പകള്‍ ഉള്‍പ്പെടെ, കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പായ പ്രൊവിഷണല്‍ കവറേജ് അനുപാതം (Provisional Coverage Ratio) 87.31 ശതമാനമാണ്. ഓഹരിയൊന്നിന് 12 രൂപ വീതം ലാഭവിഹിതം നല്‍കാനും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 9,706 ശാഖകളും 10,726 എ.ടി.എമ്മുകളും കനറാ ബാങ്കിനുണ്ട്.
ഓഹരി വിലയില്‍ ഇടിവ്
ബാങ്കിന്റെ ലാഭത്തില്‍ 90 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയെങ്കിലും ഓഹരി വില ഇന്ന് 2.75 ശതമാനം ഇടിവ് രേഖപ്പെടുത്തി. 304.50 രൂപയിലാണ് കനറാ ബാങ്ക് ഓഹരി വ്യാപാരം നടക്കുന്നത്.
Tags:    

Similar News