സഹകരണ സംഘങ്ങള്‍ 'ബാങ്ക്' അല്ല; മുന്നറിയിപ്പുമായി വീണ്ടും റിസര്‍വ് ബാങ്ക്
ലൈസന്‍സ് ഇല്ലാത്ത സഹകരണ സംഘങ്ങളില്‍ നിക്ഷേപമരുതെന്നും നിര്‍ദേശം
സഹകരണ സംഘങ്ങള്‍ പേരിനൊപ്പം 'ബാങ്ക്' എന്ന് ചേര്‍ക്കരുതെന്ന് വീണ്ടും മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. ചില സംഘങ്ങള്‍ ബാങ്കിംഗ് റെഗുലേഷന്‍ നിയമങ്ങള്‍ ലംഘിച്ച് ബാങ്ക് എന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ഇതിനു മുന്‍പും റിസര്‍വ് ബാങ്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി നിയമപ്രകാരം സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍ അഥവാ ബാങ്കിംഗ് എന്നീ വാക്കുകള്‍ പേരിനൊപ്പം ഉപയോഗിക്കാന്‍ പാടില്ല.
നിക്ഷേപവും സ്വീകരിക്കരുത്
ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ വ്യവസ്ഥകള്‍ ലംഘിച്ച്, ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നാമമാത്ര അംഗങ്ങളില്‍ നിന്നും അസോസിയേറ്റ് അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതായും റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആര്‍.ബി.ഐയുടെ മുന്നറിയിപ്പില്‍ പറയുന്നു.
ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ (ഡി.ഐ.സി.ജി.സി) ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ഇടപാടുകള്‍ നടത്തുന്നതിനു മുമ്പ് ആര്‍.ബി.ഐ നല്‍കിയ ബാങ്കിംഗ് ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ആര്‍.ബി.ഐ നിക്ഷേപകരോട് നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പുകളുടെ വിവരങ്ങള്‍ പുറത്തു വരുന്നതിനിടെയാണ് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പെന്നത് ശ്രദ്ധേയമാണ്.
ആര്‍.ബി.ഐയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളുടെ പട്ടിക https://www.rbi.org.in/commonperson/English/Scripts/BanksInIndia.aspx എന്ന ലിങ്ക് വഴി അറിയാനാകും.