ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യക്കാര്‍ ചെലവിട്ടത് 14 ലക്ഷം കോടി

1.17 കോടി പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ചേര്‍ത്തതായി ആര്‍.ബി.ഐ

Update: 2023-04-17 07:29 GMT

ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവുകള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 47 ശതമാനം വര്‍ധിച്ച് 14 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നതായി റിസര്‍വ് ബാങ്കിന്റെ (ആര്‍.ബി.ഐ) കണക്കുകള്‍ വ്യക്തമാക്കി. പ്രധാനമായും ഇ-കൊമേഴ്സ് ഇടപാടുകളുടെ വര്‍ധനവ് മൂലമാണ് ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവുകള്‍ വര്‍ധിച്ചതെന്ന് ആര്‍.ബി.ഐ പറയുന്നു. ഇത് മൊത്തത്തിലുള്ള ഇടപാടുകളുടെ 63 ശതമാനം വരും. മാര്‍ച്ചില്‍ ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,37,000 കോടി രൂപയിലെത്തി.

പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍

മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 1.17 കോടി പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ചേര്‍ത്തതായി ആര്‍.ബി.ഐ വ്യക്തമാക്കി. 2021-22 ല്‍ ഇത് 1.12 കോടിയായിരുന്നു. ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് കണക്കുകള്‍ നോക്കിയാല്‍ പ്രതിമാസ അടിസ്ഥാനത്തില്‍ മാര്‍ച്ചില്‍ ചെലവ് 54 ശതമാനം വര്‍ധിച്ചു. ഐ.സി.ഐ.സി.ഐയുടേത് 20 ശതമാനവും. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ചെലവ് 14 ശതമാനവും എസ്.ബി.ഐ കാര്‍ഡ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസിന്റെ 11 ശതമാനവും ഉയര്‍ന്നു.

ക്രെഡിറ്റ് കാര്‍ഡുകളുടെ കുടിശ്ശിക

മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് 8.5 കോടി രൂപയായാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ കുടിശ്ശിക. ഫെബ്രുവരി 28-ലെ കണക്കനുസരിച്ച് ഇത് 8.3 കോടി രൂപയായിരുന്നു. ആക്സിസ് ബാങ്കിന്റെ കുടിശ്ശികയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഫെബ്രുവരി 28 വരെ 1.2 കോടിയില്‍ നിന്ന് മാര്‍ച്ച് 31 വരെ 1.23 കോടിയായി ഉയര്‍ന്നു. എസ്.ബി.ഐ കാര്‍ഡിന്റെ കുടിശ്ശികയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഫെബ്രുവരി 28 ലെ 1.65 കോടിയില്‍ നിന്ന് മാര്‍ച്ച് 31 വരെ 1.68 കോടിയായി ഉയര്‍ന്നപ്പോള്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റേത് 1.73 കോടിയില്‍ നിന്ന് 1.75 കോടിയായി ഉയര്‍ന്നു.

Tags:    

Similar News