ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം കുതിച്ചുയരുന്നു; 10 കോടിയിലേക്ക് ഉടന്‍

ഡിസംബറില്‍ നടന്നത് 1.65 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍

Update:2024-01-28 11:56 IST

Image : Canva

രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രചാരം വര്‍ധിക്കുകയാണ്. അധികം താമസിയാതെ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം 10 കോടി കവിയുമെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ഡിസംബര്‍ വരെ രാജ്യത്ത് നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം 9.79 കോടിയാണ്. ഡിസംബറില്‍ മാത്രം 19 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകളാണ് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷത്തില്‍ മൊത്തം 1.67 കോടി ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തു. 2022ലെ 1.24 കോടിയുമായി നോക്കുമ്പോള്‍ ഗണ്യമായ വര്‍ധനയുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 2019ല്‍ 5.53 കോടി കാര്‍ഡുകളുണ്ടായിരുന്നത് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ 77 ശതമാനത്തോളം വര്‍ധിച്ചു.
കാര്‍ഡുകള്‍ കിട്ടാനെളുപ്പം
ഉപയോക്താക്കളുടെ ചെലവഴിക്കല്‍ രീതിയില്‍ വന്ന മാറ്റവും ബാങ്കുകള്‍ കൂടുതലായി ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രോത്സാഹിപ്പിച്ചതുമാണ് എണ്ണം വര്‍ധിക്കാന്‍ കാരണം. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ക്രെഡിറ്റ് കാര്‍ഡുകള്‍ അര്‍ഹതയുള്ള വ്യക്തികള്‍ക്കെല്ലാം ഇപ്പോള്‍ ബാങ്കുകള്‍ നല്‍കുന്നുണ്ട്. നേരത്തെ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുക എത്ര എളുപ്പമായിരുന്നില്ല. മാത്രമല്ല പ്രാചാരം കൂട്ടാനായി ബാങ്കുകള്‍ പല തരത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സീറോ കോസ്റ്റ് ഇ.എം.ഐ ഉള്‍പ്പെടെയുള്ള ഓഫറുകളും ക്രെഡിറ്റ് കാര്‍ഡുകളെ ആകര്‍ഷകമാക്കിയിരുന്നു.
എന്നാല്‍ അടുത്തിടെയായി ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം കുറയ്ക്കാന്‍ ബാങ്കുകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ നിന്നുള്ള സൂചനകള്‍.
മുന്നില്‍ എച്ച്.ഡി.എഫ്.സി
രാജ്യത്ത് വിതരണം ചെയ്തിട്ടുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ മുന്നില്‍ എച്ച്.ഡി.എഫ്.സി ബാങ്കാണ്. 2023 ഡിസംബര്‍ വരെ 1.98 കോടി ക്രെഡിറ്റ് കാര്‍ഡുകളാണ് ബാങ്ക് വിതരണം ചെയ്തിട്ടുള്ളത്. നവംബറിലിത് 1.95 കോടിയായിരുന്നു. ഈ മാസം തന്നെ ഇത് 2 കോടിയിലെത്തുമെന്ന് ബാങ്ക് ഈയാഴ്ചയാദ്യം പ്രഖ്യാപിച്ചിരുന്നു.
ഐ.സി.ഐ.സി.ഐ ബാങ്ക് 1.64 കോടി കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. എസ്.ബി.ഐ 1.84 കോടിയും ആക്‌സിസ് ബാങ്ക് 1.35 കോടിയും ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
ക്രെഡിറ്റ് കാര്‍ഡ് വഴി കഴിഞ്ഞ മാസം ഇന്ത്യക്കാര്‍ ചെലവഴിച്ചത് 1.65 ലക്ഷം കോടി രൂപയാണ്. നവംബറില്‍ലെ 1.61 ലക്ഷം കോടിയില്‍ നിന്ന് നേരിയ വര്‍ധനയുണ്ട്. കഴിഞ്ഞ മാസം പി.ഒ.എസ് വഴി 58,300.18 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. നവംബറിലെ 59.017.93 കോടിയുമായി നോക്കുമ്പോള്‍ നേരിയ കുറവുണ്ട്. അതേ സമയം ഇ-കൊമേഴ്‌സ് ഇടപാട് 1.02 ലക്ഷം കോടിയില്‍ നിന്ന് 1.06 ലക്ഷം കോടിയായി ഉയര്‍ന്നു.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ട്രാന്‍സാക്ഷന്‍ നവംബറിലെ 42,049.32 കോടി രൂപയില്‍ നിന്ന് 44,771.87 കോടി രൂപയായി ഉയര്‍ന്നു. അതേപോലെ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഇടപാടുകള്‍ 27,772.63 കോടിയില്‍ നിന്ന് 28,213.32 കോടി രൂപയായി ഉയര്‍ന്നു. ആക്‌സിസ് ബാങ്കിന്റേത് 18,582.84 കോടിയില്‍ നിന്ന് 19,055.30 കോടി രൂപയായി. അതേസമയം, എസ്.ബി.ഐ കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ നവംബറിലെ 31,407.57 കോടിയില്‍ നിന്ന് 29,249.29 കോടി രൂപയായി കുറഞ്ഞു.
Tags:    

Similar News