സിഎസ്ബി ബാങ്കിന് 114.52 കോടി രൂപ അറ്റാദായം
ബാങ്കിന്റെ അറ്റ പലിശ വരുമാനം 310.69 കോടി രൂപയായി.
സിഎസ്ബി ബാങ്കിന്റെ അറ്റാദായം, 2022 ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ 114.52 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 61 കോടി രൂപയായിരുന്നു. നികുതിക്ക് ശേഷമുള്ള അറ്റാദായത്തില്‍ ഇതോടെ 88 ശതമാനം വര്‍ധന രേഖപ്പെടുത്തി.
ഒന്നാം പാദത്തില്‍ ബാങ്കിന്റെ മൊത്ത ആസ്തി വരുമാനം 2022 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ 1.03 ശതമാനത്തില്‍ നിന്നും 1.75 ശതമാനമായി വര്‍ധിച്ചു. റിട്ടേണ്‍ ഓഫ് ഇക്വിറ്റി (ROE) 12.65 ശതമാനത്തില്‍ നിന്നും 18.57 ശതമാനമായും ഉയര്‍ന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം 310.69 കോടി രൂപയായി. മുന്‍വര്‍ഷത്തെ ഒന്നാംപാദത്തില്‍ ഇത് 267.75 കോടി രൂപയായിരുന്നു. 16 ശതമാനമാണ് വര്‍ധന. പലിശേതര വരുമാനം മുന്‍വര്‍ഷത്തെ 71.24 കോടിയില്‍ നിന്നും 54.85 കോടി രൂപയായി. ഒന്നാം പാദത്തില്‍ ആകെ നിക്ഷേപത്തില്‍ 9 ശതമാനം വളര്‍ച്ച കൈവരിച്ചെന്നും ബാങ്ക് അറിയിച്ചു.
'ആഗോളതലത്തില്‍ സാമ്പത്തിക മേഖലയില്‍ മുന്നേറ്റം തടസപ്പെടുത്തുന്ന സാഹചര്യമുണ്ടെങ്കിലും ബാങ്ക് പൊതു, സ്വകാര്യ മേഖലകളിലെ ബിസിനസില്‍ സ്ഥിരമായ പുനരുജ്ജീവനത്തിന്റെ പാതയിലാണ്. ഒന്നാം പാദത്തില്‍ ഞങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രധാനമായും കരുത്ത് പകര്‍ന്നത് സ്വര്‍ണ വായ്പകളാണ്. എസ്എംഇ, ഇടത്തരം കോര്‍പ്പറേറ്റ് മേഖലകളില്‍ നിന്നുള്ള വായ്പാ അവശ്യകത കുതിച്ചുയരുകയാണ്.
115 കോടി രൂപയുടെ അറ്റാദായം കൈവരിച്ച് 88 ശതമാനം വളര്‍ച്ചയോടെ മികച്ച തുടക്കമാണ് ഒന്നാം പാദത്തില്‍ ലഭ്യമായത്. റിക്കവറിയുടെ കാര്യത്തിലും ഞങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിയത്. പിസിആര്‍ 90 ശതമാനത്തിന് മുകളില്‍ നില്‍ക്കുമ്പോഴും ക്രെഡിറ്റ് കോസ്റ്റ് നെഗറ്റീവായി തുടരുകയാണ്. മുന്‍കാലങ്ങളിലേതുപോലെ, ഇനിയും സ്വര്‍ണ്ണ വായ്പകള്‍ ബാങ്കിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായി തുടരും. വാര്‍ഷികാടിസ്ഥാനത്തില്‍ 26 ശതമാനം വളര്‍ച്ചയാണ് ഞങ്ങള്‍ നേടിയത്. മറ്റ് റീട്ടെയില്‍ മേഖലയിലും വിപുലീകരണ പദ്ധതികള്‍ അനുസരിച്ചു തന്നെ ഞങ്ങള്‍ മുന്നേറുകയാണ്.'' സിഎസ്ബി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രളയ് മൊണ്ടല്‍ പറഞ്ഞു.