സി.എസ്.ബി ബാങ്ക് വായ്പാ പലിശനിരക്ക് ഇന്നുമുതല്‍ കൂട്ടുന്നു
കൂട്ടിയത് ബേസ് നിരക്ക്; എം.സി.എല്‍.ആറില്‍ മാറ്റമില്ല
വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് നിര്‍ണയിക്കുന്ന ബേസ് റേറ്റ് (Base Rate) ഉയര്‍ത്തി തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സി.എസ്.ബി ബാങ്ക്. ഇന്നുമുതല്‍ (ജൂലായ് ഒന്ന്) പ്രാബല്യത്തില്‍ വന്നവിധം വാര്‍ഷിക പലിശനിരക്ക് 10.20 ശതമാനത്തില്‍ നിന്ന് 11.05 ശതമാനമായാണ് ഉയര്‍ത്തിയതെന്ന് ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി.
ബാങ്കിന്റെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റില്‍ (എം.സി.എല്‍.ആര്‍/MCLR) മാറ്റമില്ല. അതായത്, ബേസ് റേറ്റ് അടിസ്ഥാനമായുള്ള വായ്പകളുടെ പലിശനിരക്കാണ് വര്‍ദ്ധിക്കുക. ഉപയോക്താവിന്റെ വായ്പ എം.സി.എല്‍.ആര്‍ അധിഷ്ഠിതമാണെങ്കില്‍ ബാങ്ക് ആ നിരക്ക് പരിഷ്‌കരിക്കുന്നത് വരെ പലിശനിരക്കില്‍ മാറ്റമുണ്ടാകില്ല. കഴിഞ്ഞ ഏപ്രില്‍ ഒന്നിലെ കണക്കുപ്രകാരം 8.30 ശതമാനം മുതല്‍ 10.10 ശതമാനം വരെയാണ് സി.എസ്.ബി ബാങ്കിന്റെ എം.സി.എല്‍.ആര്‍.
ബേസ് റേറ്റ് പ്രകാരം വായ്പ എടുത്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് ബാങ്കിനെ സമീപിച്ച് നിബന്ധനകളോടെ വായ്പകള്‍ എം.സി.എല്‍.ആറിലേക്ക് മാറ്റാവുന്നതാണ്. ഇത്, ഇ.എം.ഐയിലും പലിശഭാരത്തിലും മികച്ച കുറവ് ലഭിക്കാന്‍ സഹായിക്കും.