വായ്പകളും നിക്ഷേപവും ഉയര്‍ന്നു; സി.എസ്.ബി ബാങ്കിന്റെ ഓഹരികളില്‍ നേട്ടം
നേട്ടമായത് സ്വര്‍ണപ്പണയമടക്കം മൊത്തം വായ്പകളിലെ മികച്ച വര്‍ധനയും ശാഖകളുടെ എണ്ണം 700 കടന്നതും
കേരളം ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്കിന്റെ ഓഹരികളില്‍ ഇന്നുണ്ടായത് നാല് ശതമാനത്തിനുമേല്‍ വളര്‍ച്ച. എന്‍.എസ്.ഇയില്‍ കഴിഞ്ഞ വ്യാപാര സെഷനില്‍ 245.10 രൂപയായിരുന്നു വ്യാപാരാന്ത്യം ബാങ്കിന്റെ ഓഹരിവില. ഇന്ന് ഓഹരിവില 255.90 രൂപവരെ ഉയര്‍ന്നു. ബി.എസ്.ഇയില്‍ വില 245.85 രൂപയില്‍ നിന്നുയര്‍ന്ന് 256.15 രൂപവരെ എത്തി.
നേട്ടത്തിന് പിന്നില്‍
കഴിഞ്ഞപാദത്തില്‍ (ജനുവരി-മാര്‍ച്ച്) ബാങ്കിന്റെ മൊത്തം വായ്പകള്‍ 2022ലെ സമാനപാദത്തെ അപേക്ഷിച്ച് 30.28 ശതമാനം ഉയര്‍ന്ന് 20,841.66 കോടി രൂപയിലെത്തിയെന്ന റിപ്പോര്‍ട്ടാണ് നിക്ഷേപകര്‍ക്ക് ആവേശമായത്. സ്വര്‍ണവായ്പകള്‍ 47.71 ശതമാനം ഉയര്‍ന്ന് 9,692.80 കോടി രൂപയിലെത്തിയതും നേട്ടമായി. മൊത്തം നിക്ഷേപത്തില്‍ 21.39 ശതമാനവും കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (കാസ) നിക്ഷേപത്തില്‍ 16.06 ശതമാനം വളര്‍ച്ച ബാങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
ബാങ്കിന്റെ ആകെ ശാഖകളുടെ എണ്ണം 2022-23ല്‍ 700 കടന്നിരുന്നു. 2020-21, 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളിലും തുടര്‍ച്ചയായി 100 പുതിയ ശാഖകള്‍ തുറന്നുവെന്ന ബാങ്കിന്റെ റിപ്പോര്‍ട്ടും ഓഹരികളിലെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി.