പിന്‍ഗാമി ചുമതലയേല്‍ക്കും വരെ ധനലക്ഷ്മി ബാങ്ക് സി.ഇ.ഒ ആയി ജെ.കെ ശിവന്‍ തുടരും

അഞ്ച് പേരുകളടങ്ങിയ ചുരുക്കപ്പട്ടിക റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചിട്ടുണ്ട്

Update:2024-01-27 11:06 IST

Image : Dhanlaxmi Bank, RBI and Canva

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ജെ.കെ ശിവന്‍ തുടരും. പിന്‍ഗാമി ചുമതലയേല്‍ക്കും വരെ പദവിയില്‍ തുടരാന്‍ ശിവനെ അനുവദിക്കണമെന്നുള്ള ധനലക്ഷ്മി ബാങ്കിന്റെ അപേക്ഷയ്ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഈ മാസം 29നാണ് ശിവന്റെ കാലാവധി അവസാനിക്കുന്നത്. ബാങ്കിന്റെ മുഴുവന്‍ സമയ ഡയറക്ടറായി ശിവന്‍ മാത്രമാണ് നിലവിലുള്ളതെന്നതിനാലാണ് തുടരാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.

പ്രഖ്യാപനമുടന്‍
ജെ.കെ. ശിവന്റെ പിന്‍ഗാമികളെ ഉടന്‍ തന്നെ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചേക്കും. ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയ അഞ്ച് പേരുടെ ചുരുക്കപ്പട്ടിക റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്കിന്റെ പ്രസിഡന്റും ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസറുമായ കെ.കെ അജിത് കുമാര്‍, ബാങ്ക് ഓഫ് ബഹ്‌റൈന്‍ ആന്‍ഡ് കുവൈറ്റ് കണ്‍ട്രി ഹെഡും സി.ഇ.ഒയുമായ മാധവ് നായര്‍ എന്നിവരുടെ പേരുകളും പട്ടികയിലുണ്ടെന്നറിയുന്നു.
ബാങ്കിനെ മെച്ചപ്പെടുത്തി പടിയിറക്കം
2021 ജനുവരിയിലാണ് എം.ഡി ആന്‍ഡ് സി.ഇ.ഒ പദവിയിലേക്ക് ജെ.കെ. ശിവനെ നിയമിക്കാന്‍ ഓഹരി ഉടമകള്‍ അംഗീകാരം നല്‍കിയത്. എസ്.ബി.ഐയിലെ മൂന്നരപതിറ്റാണ്ടിലേറെ കാലത്തെ സേവനത്തിന് ശേഷമാണ് ശിവന്‍ ധനലക്ഷ്മി ബാങ്കിലെത്തിയത്.
ആഭ്യന്തര പ്രശ്‌നങ്ങളിലും സാമ്പത്തിക പ്രതിസന്ധികളിലുംപെട്ട് ഉലഞ്ഞിരുന്ന ധനലക്ഷ്മി ബാങ്കിനെ ഭേദപ്പെട്ട തലത്തിലേക്ക് ഉയര്‍ത്തിയ ചാരിതാര്‍ത്ഥ്യത്തോടെയാണ് ജെ.കെ. ശിവന്റെ പടിയിറക്കം. നടപ്പു വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ ധനലക്ഷ്മി ബാങ്ക് 46 ശതമാനം വളര്‍ച്ചയോടെ 23.16 കോടി രൂപ ലാഭം നേടിയിരുന്നു. 24,127 കോടി രൂപയായിരുന്നു മൊത്തം ബിസിനസ്. മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 0.68 ശതമാനം കുറഞ്ഞ് 5.36 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 1.03 ശതമാനം താഴ്ന്ന് 1.29 ശതമാനവുമായിരുന്നു.
മുന്നേറ്റം തുടര്‍ന്ന് ഓഹരി
കഴിഞ്ഞയാഴ്ചയത്തെ അവസാന വ്യാപാരദിനത്തില്‍ ധനലക്ഷ്മി ബാങ്ക് ഓഹരി വില 10 ശതമാനത്തോളം ഉയര്‍ന്ന് 51.21 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്നാം പാദ ബിസിനസ് അപ്‌ഡേറ്റുകള്‍ പുറത്തുവിട്ടതു മുതല്‍ ഉയര്‍ച്ചയിലാണ് ഓഹരി. പ്രമുഖ ഓഹരി നിക്ഷേപകനായ സഞ്ജീവ് ഭാസിന്‍ ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ക്ക് 'വാങ്ങല്‍' റേറ്റിംഗും നല്‍കിയിരുന്നു.
Tags:    

Similar News