പേയ്ടിഎമ്മിന്റെ ചട്ട ലംഘനം കണ്ടെത്താന്‍ ഇ.ഡിയ്ക്കായില്ലെന്ന് റിപ്പോർട്ട്‌

ഓഹരി ഇന്ന് 5 ശതമാനം അപ്പര്‍സര്‍കീട്ടില്‍

Update:2024-02-19 18:28 IST

Image : Canva/ED and paytm logo

വിവിധ ചട്ടലംഘനങ്ങളുടെ പേരില്‍ റിസര്‍വ് ബാങ്ക് നടപടി നേരിടുന്ന പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് വിദേശനാണയ വിനിമയ ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് (ഫെമ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ചയാണ് വണ്‍97 കമ്മ്യൂണിക്കേഷന് കീഴിലുള്ള പേയ്ടിഎം പേയ്‌മെന്റ് ബാങ്കിന്റെ വിദേശ ഇടപാടുകളെ കുറിച്ച് ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചത്.

ജനുവരി 31നാണ് റിസര്‍വ് ബാങ്ക് പേയ്ടിഎമ്മിനെതിരെ വിവിധ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നടപടിയെടുത്തത്. ഫെബ്രുവരി 29ന് ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിംഗ്‌സ്/കറന്റ് അക്കൗണ്ടുകള്‍, വാലറ്റ്, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നത് ആര്‍.ബി.ഐ വിലക്കി. എന്നാല്‍ പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കില്‍ നിന്ന് പിന്മാറാന്‍ സമയം വേണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് സമയ പരിധി മാര്‍ച്ച് 15 വരെ ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ട്.
ഓഹരി അപ്പര്‍സര്‍കീട്ടില്‍
റിസര്‍വ് ബാങ്ക് നടപടിക്ക് ശേഷം ഇതുവരെ പേയ്ടിഎം ഓഹരി വില 50 ശതമാനത്തിലേറെ താഴേക്കു പോയി. പേയ്ടിഎം നിക്ഷേപകരുടെ സമ്പത്തില്‍ നിന്ന് 310 കോടി ഡോളറാണ് (ഏകദേശം 25,000 കോടി രൂപ) ഒഴുകിപോയത്. എന്നാല്‍ കാലാവധി നീട്ടി നല്‍കിയെന്ന വാര്‍ത്തയ്ക്ക് ശേഷം ഓഹരിയില്‍ തിരിച്ചു കയറ്റം തുടങ്ങിയിട്ടുണ്ട്. ഇന്നലെ ഉയര്‍ച്ച രേഖപ്പെടുത്തിയ ഓഹരി ഇന്നും അഞ്ച് ശതമാനത്തോളം അപ്പര്‍സര്‍കീട്ടിലാണ്. ഇന്ന് ബി.എസ്.ഇയില്‍ 358.55 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
അതേ സമയം ആര്‍.ബി.ഐ വിലക്കിനെ തുടര്‍ന്ന് വിവിധ ബ്രോക്കറേജുകള്‍ പേയ്ടിഎം ഓഹരികളെ ഡൗണ്‍ഗ്രേഡ് ചെയ്തിട്ടുണ്ട്.
വീഴ്ചകളുണ്ട്
ഫെമ ലംഘനം കണ്ടെത്തിയില്ലെങ്കിലും ഇടപാടുകാരില്‍ പലരുടെയും കെ.വൈ.സി രേഖകള്‍ സൂക്ഷിക്കുന്നതില്‍ പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല സംശയകരമായ ഇടപാടുകളെ കുറിച്ച് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കണ്ടെത്തലുണ്ട്.
നിലവില്‍ പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ചില ഇടപാടുകളില്‍ പങ്കാളിയായി ആക്‌സിസ് ബാങ്കുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനും നിലവിലെ പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാനുമാണ് കരാര്‍.
Tags:    

Similar News