യുപിഐ വഴി തെറ്റായ നമ്പറില്‍ പണം കൈമാറിയോ; ഇനി ചെയ്യേണ്ടത് ഇങ്ങനെ
ഏത് യുപിഐ ഇടപാടിനും ശരിയായ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടത് പ്രധാനമാണ്
യുപിഐ വഴി നിങ്ങള്‍ തെറ്റായ നമ്പറില്‍ പണം കൈമാറിയിട്ടുണ്ടോ. ചില ആളുകള്‍ തെറ്റായ മൊബൈല്‍ നമ്പര്‍ നല്‍കുന്നത് മൂലമോ അല്ലെങ്കില്‍ പണം അയക്കുന്ന ആള്‍ തെറ്റായ നമ്പര്‍ ചേര്‍ക്കുന്നതിലൂടെയോ ഇത്തരം അബദ്ധങ്ങള്‍ സംഭവിച്ചേക്കാം. ഇത് തെറ്റായ ഗുണഭോക്താവിലേക്ക് പണം എത്തുന്നതിന് കാരണമാകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു ഉപഭോക്താവ് എന്തുചെയ്യണം.
നാഷണല്‍ പേയ്‌മെന്റ് കേര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) നിര്‍ദ്ദേശങ്ങള്‍ പ്രകാരം യുപിഐ ഇടപാട് നടത്തുമ്പോള്‍ വിശദാംശങ്ങള്‍ നല്‍കുന്നതിന് മുമ്പ് ശ്രദ്ധയോടെ ചെയ്യുകയും ഗുണഭോക്താവിന്റെ നമ്പര്‍ രണ്ടുതവണ പരിശോധിക്കുകയും വേണം. ഇനി തെറ്റായ നമ്പര്‍ ഉപയോഗിച്ചാണ് ആരെങ്കിലും പണമിടപാട് നടത്തിയതെങ്കില്‍ തുക തിരിച്ചെടുക്കാന്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെടണമെന്ന് എന്‍പിസിഐ അറിയിച്ചു. ഇടപാടുകള്‍ നടത്തുമ്പോള്‍ നിങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. തെറ്റായ നമ്പര്‍ നല്‍കിയ ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടിയായി യുപിഐയുടെ ഔദ്യോഗിക ട്വിറ്ററില്‍ അടുത്തിടെ ഇങ്ങനെ പറഞ്ഞിരുന്നു.
Please cross check and confirm all the details of the beneficiary before making the transaction. In case of any wrong transfers, please contact your bank immediately for reversal of the same. Thank you.
— UPI (@UPI_NPCI) December 30, 2022
ഇന്ന് പണം കൈമാറ്റം ചെയ്യുന്നതിന് ഒരു ഗുണഭോക്താവിന്റെ ഒരുപാട് രേഖകള്‍ ഒന്നും തന്നെ ആവശ്യമില്ല. ഇതിന് ശരിയായ മൊബൈല്‍ നമ്പര്‍ മതിയാകും. അതിനാല്‍, ഏത് യുപിഐ ഇടപാടിനും ഉപഭോക്താക്കള്‍ ശരിയായ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടത് പ്രധാനമാണ്. യുപിഐ ഇടപാട് ഒന്ന് തെറ്റിയാല്‍ ഒറ്റ ക്ലിക്കില്‍ തിരിച്ചെടുക്കാനാകില്ലെന്ന് നിങ്ങള്‍ ഓര്‍ക്കണം.