ദുബൈയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കൂടുതല്‍; മഴയാണ് വില്ലന്‍

ക്ലെയിം തുക കൂടുന്നു. കവറേജ് നല്‍കാന്‍ മടിച്ച് കമ്പനികള്‍

Update:2024-08-28 11:26 IST

image credit : canva

ദുബൈയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച്  കമ്പനികള്‍. ഇത്തരം വാഹനങ്ങള്‍ക്ക് കവറേജ് നല്‍കാന്‍ കമ്പനികള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നുമില്ല. പ്രധാന കാരണം ദുബൈയില്‍ ആവര്‍ത്തിച്ചു പെയ്യുന്ന മഴയാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായ പ്രളയത്തിന് ശേഷമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇത്തരമൊരു നിലപാടിലേക്ക് മാറിയത്. പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ പ്രീമിയത്തില്‍ വലിയ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.

പ്രീമിയത്തില്‍ 21 ശതമാനം വര്‍ധന

ഇക്കഴിഞ്ഞ ഏപ്രിലിന് ശേഷം ഇ.വി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 21 ശതമാനം വര്‍ധനയാണുണ്ടായത്. നേരത്തെ ഒരു വാഹനത്തിന്റെ ശരാശരി പ്രീമിയം 3,906 ദിര്‍ഹം ആയിരുന്നു. ഇത് 4,729 ദിര്‍ഹമായാണ് വര്‍ധിച്ചത്. കൂടിയത് 21 ശതമാനം. വാഹനത്തിന്റെ വിലയുടെ 2.5 ശതമാനമാണ് നേരത്തെ ഇന്‍ഷുറന്‍സ് പ്രീമിയമായി കണക്കാക്കിയിരുന്നത്. ഇപ്പോള്‍ അത് നാല് ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, പെട്രോള്‍ കാറുകളുടെ പ്രീമിയത്തില്‍ ഇതേ കാലയളവില്‍ ഉണ്ടായത് 12.6 ശതമാനത്തിന്റെ വര്‍ധനയാണ്.

ബാറ്ററിയാണ് പ്രധാന പ്രശ്‌നം

പ്രളയ സാഹചര്യങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കേടാകാനുള്ള സാധ്യത ഇതര വാഹനങ്ങളെ കുറിച്ച് കൂടുതലാണ് എന്നതാണ് പ്രീമിയം വര്‍ധിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളെ നിര്‍ബന്ധിതരാക്കുന്നത്. വാഹനങ്ങളില്‍ വെള്ളം കയറിയാല്‍ ആദ്യം ബാധിക്കുന്നത് ബാറ്ററികളെയാണ്. ഇതാകട്ടെ വിലയേറിയതുമാണ്. ഇതരവാഹനങ്ങളെ അപേക്ഷിച്ച് ഇ.വികളുടെ അറ്റകുറ്റപണികള്‍ ചെലവേറിയതാണെന്നതും കൂടുതല്‍ ക്ലെയിം തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ബാധ്യസ്ഥരാക്കും. വലിയ പ്രളയം വരുമ്പോള്‍ ഇത്തരം വാഹനങ്ങള്‍ പൂര്‍ണ്ണമായും നശിക്കാറുമുണ്ട്. ഇതോടെ ചെറുകിട കമ്പനികള്‍ ഇ.വി ഇന്‍ഷുറന്‍സ് കവറേജ് നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News