ഹവാലയെ കുടുക്കാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ കെണിയൊരുങ്ങുന്നു

ചിലവ് ആര് വഹിക്കുമെന്നതില്‍ അവ്യക്തത

Update:2024-09-18 14:37 IST


രാജ്യാതിര്‍ത്തികള്‍ കടന്നുള്ള ഹവാല പണമിടപാട് മിക്ക രാജ്യങ്ങള്‍ക്കും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. നിയമപരമല്ലാത്ത വഴിയിലൂടെ എത്തുന്ന കോടിക്കണക്കിന് രൂപ രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ തന്നെ തകിടം മറിക്കാന്‍ കാരണമായേക്കും. നികുതി ഘടനകളെ കബളിപ്പിച്ചുള്ള ഹവാല ഇടപാട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇത്തരം അനധികൃത പണമിടപാടുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ പല സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. ഏറ്റവുമൊടുവില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഹവാല പണമിടപാടിന് കടിഞ്ഞാണിടാന്‍ പുതിയ സംവിധാനങ്ങള്‍ ആലോചിക്കുകയാണ്. ക്രെഡിറ്റ് കാര്‍ഡുകളിലെ ചിപ്പുകളില്‍ മാറ്റങ്ങള്‍ വരുത്തി പണമിടപാടുകളെ കൂടുതല്‍ സമഗ്രമായും വേഗത്തിലും നിരീക്ഷിക്കാനുള്ള സംവിധാനത്തെ കുറിച്ചാണ് ആഗോള സാമ്പത്തിക കൂട്ടായ്മയായ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) ഗൗരവമായി ആലോചിക്കുന്നത്. അംഗരാജ്യങ്ങളുടെ അടുത്ത യോഗം അടുത്ത ഏപ്രിലില്‍ ഇന്ത്യയില്‍ നടക്കുകയാണ്. ക്രെഡിറ്റ് കാര്‍ഡുകളുടെ സാങ്കേതിക തികവാകും യോഗത്തിലെ പ്രധാന അജണ്ടയെന്നാണ് സൂചന.

ഉടനടി വിവരങ്ങള്‍ കൈമാറാം

ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ യഥാസമയം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്നതിനുള്ള സംവിധാനം തയ്യാറാക്കുന്നതിനെ കുറിച്ചാണ് ഇന്ത്യ ഉള്‍പ്പടെയുള്ള ടാസ്‌ക്‌ഫോഴ്‌സ് അംഗരാജ്യങ്ങള്‍ ആലോചിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പണമിടപാടുകളായിരിക്കും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാകുക. ബാങ്കുകള്‍, മറ്റ് പണമിടപാട് സംവിധാനങ്ങള്‍, ഫിന്‍ടെക് കമ്പനികള്‍ തുടങ്ങിയവരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും. ക്രെഡിറ്റ് കാര്‍ഡില്‍ വരുത്തേണ്ട ചിപ്പ്, സോഫ്റ്റ്‌വെയർ മാറ്റങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തും. ഇതിന് വരുന്ന സാമ്പത്തിക ചിലവുകള്‍ ആര് വഹിക്കുമെന്നതും തീരുമാനിക്കേണ്ടതുണ്ട്. രാജ്യങ്ങള്‍ക്കിടയില്‍ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന പണമിടപാടുകളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ടാസ്‌ക് ഫോഴ്‌സ് യോഗം മുംബൈയില്‍

ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ അടുത്ത യോഗം ഏപ്രിലില്‍ മുംബൈയിലാണ് നടക്കുന്നത്. ഇന്ത്യ ഉള്‍പ്പടെ 37 രാജ്യങ്ങളാണ് എഫ്.എ.ടി.എഫില്‍ അംഗങ്ങളായുള്ളത്. 1989 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ സാമ്പത്തിക കൂട്ടായ്മയില്‍ ജി.സി.സി, യൂറോപ്യന്‍ കമ്മീഷന്‍ രാജ്യങ്ങളും സജീവമാണ്. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 40 കാര്യങ്ങള്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. അംഗരാജ്യങ്ങള്‍ ഇത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കി വരുന്നുമുണ്ട്. ഇന്ത്യ,യു.കെ., ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളാണ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ മുന്നിലുള്ളത്. 40 ഇനങ്ങളില്‍ 37 എണ്ണവും നടപ്പാക്കിയ ഇന്ത്യയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്.

ചിലവ് ആര് വഹിക്കും?

സാമ്പത്തിക സുരക്ഷയുടെ ഭാഗമായി ക്രെഡിറ്റ് കാര്‍ഡുകളില്‍ നടപ്പാക്കുന്ന സാങ്കേതിക മാറ്റങ്ങളുടെ ചിലവ് ആര് വഹിക്കുമെന്നതില്‍ വ്യക്തതയായിട്ടില്ല. ചിപ്പുകള്‍, സോഫ്റ്റ് വെയര്‍ തുടങ്ങിയവയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ബാങ്കുകളോ മറ്റ് സേവനദാതാക്കളോ ആണ്. ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയേക്കും. സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഈ മാറ്റങ്ങള്‍ എന്നതിനാല്‍ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യം കമ്പനികള്‍ ഉയര്‍ത്തുന്നുണ്ട്. പ്രാഥമികമായ ചിലവുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുമെന്നാണ് സൂചനകള്‍. എന്നാല്‍ തുടര്‍ന്നുള്ള നടത്തിപ്പ് ചിലവുകള്‍ കമ്പനികള്‍ വഹിക്കേണ്ടി വരും. ഇതിന്റെ പേരില്‍ എല്ലാ ക്രെഡിറ്റ് കാര്‍ഡ് ഉടമകളും കൂടുതല്‍ ഫീസ് നല്‍കേണ്ടി വരുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. മുംബൈയില്‍ നടക്കുന്ന യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാകുക.

Tags:    

Similar News