ക്യു.ഐ.പി: ₹3,000 കോടി സമാഹരിച്ച് ഫെഡറല്‍ ബാങ്ക്

രണ്ടു രൂപ മുഖവിലയുള്ള 23.04 കോടി ഓഹരികളാണ് വിറ്റഴിച്ചത്‌

Update: 2023-07-26 16:43 GMT

പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ (Qualified Institutional Placement /QIP) വഴി 3,099 കോടി രൂപ സമാഹരിച്ചു. രണ്ടു രൂപ മുഖവിലയുള്ള 23.04 കോടി ഓഹരികള്‍ 131.90 രൂപ നിരക്കിലായിരുന്നു വിൽപ്പന. മുഖവിലയില്‍ നിന്ന് 129.90 രൂപ പ്രീമിയത്തിലാണെങ്കിലും  ഡയറക്ടർ ബോർഡ് നിശ്ചയിച്ചിരുന്ന വിലയായ 132.59 രൂപയില്‍ നിന്ന് 0.52% (69 പൈസ) ഡിസ്‌കൗണ്ടോടെയാണ്  വില്‍പ്പന നടത്തിയത് .

ജൂലൈ 19 മുതല്‍ 24 വരെയായിരുന്നു ക്യു.ഐ.പി ഇഷ്യു നടന്നത്. ഓഹരി വില്‍പ്പനയോടെ ബാങ്കിന്റെ പെയ്ഡ് അപ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റല്‍ 423 കോടി രൂപയില്‍ നിന്ന് 470 കോടി രൂപയായി.

2023 -24 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ -ജൂണ്‍ പാദത്തില്‍ ഫെഡറൽ ബാങ്കിന്റെ ലാഭം 42 ശതമാനം ഉയര്‍ന്ന് 1,147 കോടി രൂപയിലെത്തിയിരുന്നു. മുന്‍ വര്‍ഷം ഇത് 807 കോടി രൂപയായിരുന്നു. ബാങ്കിന്റെ വരുമാനം ഇക്കാലയളവില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 4,081 കോടി രൂപയില്‍ നിന്ന് 5,757 കോടി രൂപയായും ഉയര്‍ന്നു.

ഇന്ന് ഫെഡറല്‍ ബാങ്ക് ഓഹരി വില 1.21% വര്‍ധിച്ച് 134.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ ഓഹരി വില അനുസരിച്ച് 28,362 കോടി രൂപയാണ് ബാങ്കിന്റെ വിപണി മൂല്യം. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത് 24.90% നേട്ടമാണ്.

Tags:    

Similar News