ഫെഡറല്‍ ബാങ്കിന്റെ വായ്പയും നിക്ഷേപങ്ങളും കുതിച്ചു; എന്നിട്ടും 'കാസ'യില്‍ തെന്നിവീണ് ഓഹരികള്‍

മൊത്തം ബിസിനസ് നാലര ലക്ഷം കോടി രൂപയിലേക്ക്

Update:2024-01-02 18:56 IST

Image : Canva and Federal Bank

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് നടപ്പുവര്‍ഷം (2023-24) ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ പ്രാഥമിക പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവിട്ടു.

ബാങ്കിന്റെ ഉപഭോക്തൃ നിക്ഷേപം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 1.92 ലക്ഷം കോടി രൂപയില്‍ നിന്ന് 18 ശതമാനം മുന്നേറി 2.27 ലക്ഷം കോടി രൂപയിലെത്തിയെന്ന് സ്റ്റോക്ക് എക്‌സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി.
മൊത്തം നിക്ഷേപം (Total deposits) 2.01 ലക്ഷം കോടി രൂപയില്‍ നിന്ന് 19 ശതമാനം ഉയര്‍ന്ന് 2.39 ലക്ഷം കോടി രൂപയായി. മൊത്തം വായ്പകള്‍ 1.71 ലക്ഷം കോടി രൂപയില്‍ നിന്ന് 2.02 ലക്ഷം കോടി രൂപയിലുമെത്തി; 18 ശതമാനമാണ് വര്‍ധന. ഇതോടെ മൊത്തം ബിസിനസ് 4.42 ലക്ഷം കോടി രൂപയുമായി.
റീറ്റെയ്ല്‍ വായ്പകള്‍
ഫെഡറല്‍ ബാങ്കിന്റെ റീറ്റെയ്ല്‍ വായ്പകള്‍ 20 ശതമാനവും ഹോള്‍സെയില്‍ വായ്പകള്‍ 17 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.
കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (CASA) നിക്ഷേപവും വര്‍ധന രേഖപ്പെടുത്തി. 68,967 കോടി രൂപയില്‍ നിന്ന് 73,388 കോടി രൂപയായാണ് വര്‍ധന; വളര്‍ച്ച 6 ശതമാനം.
ഓഹരികളില്‍ ഇടിവ്
നിക്ഷേപവും വായ്പകളും മികച്ച വളര്‍ച്ച നേടിയെങ്കിലും ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില ഇന്ന് ഇടിയുകയാണുണ്ടായത്. വ്യാപാരാന്ത്യം 2.91 ശതമാനം താഴ്ന്ന് 151.95 രൂപയിലാണ് ഓഹരി വിലയുള്ളത്.
ബാങ്കിന്റെ സാമ്പത്തികാരോഗ്യം സൂചിപ്പിക്കുന്ന മുഖ്യ ഘടകങ്ങളിലൊന്നായ കാസ അനുപാതം 34.24 ശതമാനത്തില്‍ നിന്ന് 30.63 ശതമാനത്തിലേക്ക് ഡിസംബര്‍ പാദത്തില്‍ താഴ്ന്നിട്ടുണ്ട്. ഇതാണ് ഓഹരികളെ തളര്‍ത്തിയത്.
Tags:    

Similar News