ഫെഡറല്‍ ബാങ്കിന്റെ പുതിയ സി.ഇ.ഒ: ചുരുക്കപ്പട്ടികയില്‍ കോട്ടക് ബാങ്കിന്റെ കെ.വി.എസ് മണിയനും
ഈ വര്‍ഷം സെപ്റ്റംബര്‍ 22ന് നിലവിലെ സി.ഇ.ഒ ശ്യാം ശ്രീനിവാസന്റെ കാലാവധി അവസാനിക്കും
ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറല്‍ ബാങ്കിന്റെ അടുത്ത മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒയാകാനുള്ള ചുരുക്കപ്പട്ടികയില്‍ കോട്ടക് മഹീന്ദ്ര ബാങ്ക് ഡയറക്ടര്‍ (Whole-time director) കെ.വി.എസ്. മണിയനും. അദ്ദേഹത്തിന് പുറമേ ഫെഡറല്‍ ബാങ്കില്‍ നിന്ന് തന്നെയുള്ള രണ്ടുപേരും ചുരുക്കപ്പട്ടികയിലുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തിനായി ചുരുക്കപ്പട്ടിക ഫെഡറല്‍ ബാങ്ക് ഉടന്‍ സമര്‍പ്പിച്ചേക്കും. പുതിയ എം.ഡി ആന്‍ഡ് സി.ഇ.ഒ ആരെന്നത് സംബന്ധിച്ച് പ്രഖ്യാപനം വൈകില്ലെന്നും അറിയുന്നു. കെ.വി.എസ്. മണിയനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ബാങ്കിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള വ്യക്തിയാണ് കെ.വി.എസ്. മണിയന്‍.
നിലവില്‍ ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായ ശാലിനി വാര്യര്‍, ഹര്‍ഷ് ദുഗ്ഗര്‍ എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ള മറ്റു രണ്ടുപേര്‍ എന്ന് സൂചനകളുണ്ടെങ്കിലും ഫെഡറല്‍ ബാങ്ക് ഔദ്യോഗികമായി പ്രതികരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
എന്തുകൊണ്ട് പുതിയ സി.ഇ.ഒ?
ഫെഡറല്‍ ബാങ്കിന്റെ നിലവിലെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ശ്യാം ശ്രീനിവാസന്‍ 2010ലാണ് ചുമതല ഏറ്റെടുത്തത്. റിസര്‍വ് ബാങ്കിന്റെ ചട്ടപ്രകാരം തുടര്‍ച്ചയായി 15 വര്‍ഷമേ പദവി വഹിക്കാനാകൂ. ഈ വര്‍ഷം സെപ്റ്റംബര്‍ 22ന് അദ്ദേഹത്തിന്റെ പദവിയുടെ കാലാവധി അവസാനിക്കും.
നിലവിലെ സാഹചര്യത്തില്‍ കാലാവധി നീട്ടി നല്‍കിയാലും അദ്ദേഹത്തിന് ഒരുവര്‍ഷം കൂടി മാത്രമേ തത്പദവി വഹിക്കാനാകൂ. കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന് ഫെഡറല്‍ ബാങ്ക് റിസര്‍വ് ബാങ്കിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കുറഞ്ഞത് രണ്ട് പുതിയ പേരുകള്‍ കൂട്ടിച്ചേര്‍ത്ത് യോഗ്യരായവരുടെ ഒരു പാനല്‍ സമര്‍പ്പിക്കണമെന്ന മറുപടിയാണ് ഫെഡറല്‍ ബാങ്കിന് റിസര്‍വ് ബാങ്ക് നല്‍കിയത്. ഈ സാഹചര്യത്തിലാണ് ഫെഡറല്‍ ബാങ്ക് ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
ഫെഡറല്‍ ബാങ്കും ശ്യാം ശ്രീനിവാസനും
ശ്യാം ശ്രീനിവാസന് കീഴില്‍ തുടര്‍ച്ചയായി ഫെഡറല്‍ ബാങ്ക് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 25.28 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,006.74 കോടി രൂപയുടെ ലാഭവും ബാങ്ക് നേടിയിരുന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 2.29 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 0.64 ശതമാനവും മാത്രമാണ്.
മൊത്തം ബിസിനസ് 4 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ട ആദ്യ 'കേരള' ബാങ്കുമാണ് ഫെഡറല്‍ ബാങ്ക്. ഡിസംബര്‍പാദ കണക്കുപ്രകാരം 4.38 ലക്ഷം കോടി രൂപയാണ് മൊത്തം ബിസിനസ്. ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തും ഫെഡറല്‍ ബാങ്കിന്റെ സേവനങ്ങള്‍ ശ്രദ്ധേയമാണ്.
പുതിയ സി.ഇ.ഒയെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജിതമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് ഓഹരിയും ഇന്ന് മുന്നേറ്റത്തിലാണ്. 3.58 ശതമാനം ഉയര്‍ന്ന് 162.30 രൂപയിലാണ് ഓഹരികളില്‍ ഇപ്പോള്‍ വ്യാപാരം. റെക്കോഡാണിത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഓഹരി വിലയില്‍ 25 ശതമാനം നേട്ടമുണ്ടാക്കിയ ഫെഡറല്‍ ബാങ്കിന്റെ വിപണിമൂല്യം 39,189 കോടി രൂപയാണ്.