ഫെഡറല്‍ ബാങ്കിന് സെപ്റ്റംബര്‍ പാദത്തില്‍ മികച്ച വായ്പാ, നിക്ഷേപ വളര്‍ച്ച; ഓഹരി റെക്കോഡില്‍
ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ ബിസിനസ് നാല് ലക്ഷം കോടി കവിഞ്ഞിരുന്നു
പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് 2023-24 സെപ്റ്റംബര്‍ പാദത്തില്‍ നിക്ഷേപങ്ങളിലും വായ്പകളിലും മികച്ച വളര്‍ച്ച. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ (deposits) 23 ശതമാനം വര്‍ധിച്ച് 2,32,871 കോടി രൂപയായി. മൊത്തം വിതരണം ചെയ്ത വായ്പ (advances) 20 ശതമാനം വര്‍ധിച്ച് 1,95,973 കോടി രൂപയായി.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു നല്‍കിയ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഓഹരി വില 3.5 ശതമാനം ഉയര്‍ന്ന് 152.2 രൂപയിലേക്കെത്തി. ഇത് വരെയുള്ള റെക്കോർഡ് ആണിത്. സെപറ്റംബര്‍ 28നാണ് ഓഹരി വില 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 151 രൂപ തൊട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാങ്കിന്റെ ഓഹരി വില 29.28 ശതമാനം ഉയര്‍ന്നു. ഈ വര്‍ഷം ഇതു വരെ ഓഹരി 9.19 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇക്കാലയളവില്‍ സെന്‍സെക്‌സിന്റെ വളര്‍ച്ച 7.08 ശതമാനം മാത്രമാണ്.
നാല് ലക്ഷം കോടി രൂപ പിന്നിട്ട് ബിസിനസ്
2022-23 മാര്‍ച്ച് പാദത്തില്‍ അറ്റാദായവും ഓഹരിയില്‍ നിന്നുള്ള ആദായവും റെക്കോര്‍ഡ് തലത്തില്‍ എത്തിയിരുന്നു. അറ്റാദായം 66.98 ശതമാനം വര്‍ധിച്ച് 902.61 കോടി രൂപയായി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ ലാഭം 42 ശതമാനം ഉയര്‍ന്ന് 854 കോടി രൂപയാണ്. ആകെ ബിസിനസ് നാല് ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിടുന്ന, കേരളം ആസ്ഥാനമായ ആദ്യ ബാങ്ക് എന്ന നേട്ടവും കഴിഞ്ഞ പാദത്തില്‍ ഫെഡറല്‍ ബാങ്ക് സ്വന്തമാക്കി. 21.17 ശതമാനം വളര്‍ച്ചയോടെ 4.05 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ പാദമനുസരിച്ച് ബാങ്കിന്റെ മൊത്തം ബിസിനസ്.