ഗീത ഗോപിനാഥ് ഐഎംഎഫിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററാകും

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ആദ്യ വനിതാ ചീഫ് ഇക്കണോമിസ്റ്റാണ് ഗീത ഗോപിനാഥ്.

Update: 2021-12-03 07:18 GMT

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായ ഗീത ഗോപിനാഥിനെ  ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കുന്നതായി മോണിറ്ററി ഫണ്ട് വ്യാഴാഴ്ച പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ആദ്യം ഫണ്ട് വിടാന്‍ ഉദ്ദേശിക്കുന്ന ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍, ജെഫ്രി ഒകമോട്ടോയ്ക്ക് പകരമായി ഗീത  ഐഎംഎഫിന്റെ രണ്ടാം റാങ്ക് ഉദ്യോഗസ്ഥയാകും.

പുതിയ ചുമതലയില്‍ ഐഎംഎഫ് മേല്‍നോട്ടം, അനുബന്ധ നയങ്ങള്‍ എന്നിവയാകും എഫ്ഡിഎംഡി സ്ഥാനത്തിരുന്ന് ഗീത നിര്‍വഹിക്കുക. ഗവേഷണം കൂടാതെ മുന്‍നിര പ്രസിദ്ധീകരണങ്ങളുടെയും മേല്‍നോട്ടം ഗീത ഗോപിനാഥ് വഹിക്കും. ഐഎംഎഫ് പ്രസിദ്ധീകരണങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഗീതയുടെ നേതൃപാടവം ഉപകരിക്കുമെന്നാണ് ഐഎംഎഫ് പ്രസ്താവനയില്‍ പറയുന്നത്.
'ജെഫ്രിയും ഗീതയും മികച്ച സഹപ്രവര്‍ത്തകരാണ് - ജെഫ്രി പോകുന്നത് കാണുന്നതില്‍ സങ്കടമുണ്ട്, എന്നാല്‍ അതേ സമയം, ഗീത ഞങ്ങളുടെ എഫ്ഡിഎംഡിയായി തുടരാനും പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാനും തീരുമാനിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്,' ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു.
പുതിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചതില്‍ ക്രിസ്റ്റലീനയോടും ബോര്‍ഡിനോടും ഞാന്‍ വളരെ നന്ദിയുള്ളവളാണെന്നും ഫണ്ടിലെ അവിശ്വസനീയമാം വിധം മിടുക്കരും പതിബദ്ധതയുള്ളവരുമായ എല്ലാ സഹപ്രവര്‍ത്തകരുമായി അടുത്ത് സഹകരിക്കാന്‍ ഇനിയും കഴിയുക എന്നത് ഒരു സമ്പൂര്‍ണ്ണ പദവിയാണെന്നും ഗോപിനാഥ് പ്രതികരിച്ചു.
2022 ജനുവരിയില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ അക്കാദമിക് സ്ഥാനത്തേക്ക് മടങ്ങാനിരിക്കുന്ന ഗീത ഗോപിനാഥ് മൂന്ന് വര്‍ഷമായി  ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി സേവനമനുഷ്ഠിക്കുന്നു. മോണിറ്ററി ഫണ്ടില്‍ മുഖ്യ സാമ്പത്തിക ഉപദേശകയാകുന്ന ആദ്യ വനിതയാണ് ഗീത.


Tags:    

Similar News