സ്വര്‍ണത്തോടൊപ്പം സ്വര്‍ണ വായ്പകളും കുതിക്കുന്നു; വളര്‍ച്ച 10 ലക്ഷം കോടിയിലേക്ക്
പ്രതീക്ഷിക്കുന്നത് 10 ശതമാനം വളര്‍ച്ച
സ്വര്‍ണ വില കുതിക്കുന്നതിനൊപ്പം ധനകാര്യസ്ഥാപനങ്ങളില്‍ സ്വര്‍ണ പണയ വായ്പകളും കുതിക്കുന്നു. ഇന്ത്യയില്‍ ഈ സാമ്പത്തിക വര്‍ഷം ഗോള്‍ഡ് ലോണ്‍ 10 ലക്ഷം കോടി രൂപ കവിയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2027 മാര്‍ച്ച് ആകുമ്പോഴേക്കും അത് 15 ലക്ഷം കോടിയായി ഉയരും. റേറ്റിംഗ് സ്ഥാപനമായ ഐ.സി.ആര്‍.എ രാജ്യത്തെ ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും സ്വര്‍ണ വായ്പാ കണക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രതീക്ഷിത വളര്‍ച്ചയാണിത്. ഈ വര്‍ഷം വായ്പകളിൽ 19 ശതമാനം വരെയാണ് വര്‍ധന കണക്കാക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഈ മേഖലയിലുണ്ടായത് 25 ശതമാനം വളര്‍ച്ചയാണ്.
പൊതു മേഖലാ ബാങ്കുകളില്‍ കൂടുതൽ കാര്‍ഷിക വായ്പകള്‍
പൊതു മേഖലാ ബാങ്കുകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് സ്വര്‍ണ പണയാടിസ്ഥാനത്തിലുള്ള കാര്‍ഷിക വായ്പകളിലാണ്. അതേസമയം, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ റീട്ടെയ്ല്‍ വായ്പകളാണ് കൂടുതലായി നല്‍കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കാര്‍ഷിക വായ്പകളില്‍ 26 ശതമാനവും മറ്റു വായ്പകളില്‍ 18 ശതമാനവും വളര്‍ച്ചയുണ്ടായി. വായ്പകള്‍ നല്‍കുന്നതില്‍ മുന്നിലുള്ളത് പൊതു മേഖലാ ബാങ്കുകളാണ്. ഈ വര്‍ഷം മൊത്തം സ്വര്‍ണ വായ്പകളില്‍ 63 ശതമാനം അനുവദിച്ചത് ഇത്തരം ബാങ്കുകളാണ്. സ്വകാര്യ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വായ്പകളില്‍ സ്ഥിരത നിലനിര്‍ത്തുന്നുണ്ട്. അതേസമയം ബാങ്കിംഗ് ഇതര സ്ഥാപനങ്ങളുടെ വരുമാനം കഴിഞ്ഞ അഞ്ചു വര്‍ഷത്തേക്കാള്‍ 300 ബി.പി.എസ് വരെ കുറയുമെന്നാണ് നിഗമനം. സ്വര്‍ണ പണയ വായ്പകളില്‍ മൈക്രോ ഫിനാന്‍സ് ഉല്‍പ്പന്നങ്ങള്‍ ബാങ്ക് ഇതര സ്ഥാപനങ്ങളുടെ വളര്‍ച്ചയെ പ്രധാനമായി സഹായിക്കുന്നുണ്ട്. വ്യക്തഗത ലോണുകള്‍, സുരക്ഷിതമല്ലാത്ത വായ്പകള്‍ എന്നിവയും മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ഇടപാടുകള്‍ ധനകാര്യസ്ഥാപനങ്ങള്‍ക്ക് വായ്പകളില്‍ വളര്‍ച്ചക്ക് സഹായകമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.