ഗൂഗ്ള്‍ പേ വഴി ഫിക്‌സഡ് ഡെപ്പോസിറ്റ് ആരംഭിക്കാം; പലിശ 6.35 ശതമാനം വരെ
സ്‌മോള്‍ ഫിനാന്‍സ് ബാങ്കുമായി ചേര്‍ന്ന് ഗൂഗ്ള്‍ പേ അവതരിപ്പിക്കുന്ന ഏഴ് ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയാം.
ഗൂഗ്ള്‍ പേ സ്ഥിര നിക്ഷേപ പദ്ധതികള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലെന്ന് റിപ്പോര്‍ട്ട്. ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ സേതുവുമായി ചേര്‍ന്ന് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എഫ്ഡി പദ്ധതികളാണ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുക.
ഇതിനായുള്ള പ്രാരംഭഘട്ടനടപടികള്‍ പൂര്‍ത്തിയാക്കിയതായാണ് വാര്‍ത്തകള്‍.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 2016 ല്‍ രൂപീകൃതമായ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആയിരിക്കും ഗൂഗ്ള്‍ പേ ഉപഭോക്താക്കളുടെ സ്ഥിരനിക്ഷേപങ്ങള്‍ മാനേജ് ചെയ്യുന്നത്. 6.35 ശതമാനം വരെ പലിശ വരെ വാഗ്ദാനം ചെയ്യുന്ന പദ്ധതികള്‍ അവതരിപ്പിച്ചേക്കും.
ഒരു വര്‍ഷം വരെ കാലാവധിയുള്ള ഫ്കിസഡ് ഡെപ്പോസിറ്റുകളാകും തുടക്കത്തില്‍ ഉള്‍പ്പെടുത്തുക. ഉപയോക്താക്കള്‍ക്ക് രജിസ്‌റ്റേഡ് മൊബൈല്‍ നമ്പര്‍ വഴി കെവൈസി പൂര്‍ത്തിയാക്കി ഒറ്റ തവണ പാസ്വേഡ് നല്‍കി അക്കൗണ്ടുകള്‍ തുറക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ഉപയോക്താക്കള്‍ക്ക് സേവിംഗ്‌സ് അക്കൗണ്ട് വേണമെന്നതില്‍ നിര്‍ബന്ധമില്ല. ധനകാര്യ ഇടപാടുകളെല്ലാം ഗൂഗ്ള്‍ പേയുമായി ലിങ്ക് ചെയ്ത വിവിധ വ്യക്തികളുടെ വിവിധ ബാങ്കുകളിലേക്കാകും എത്തുക.
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എ യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയും പദ്ധതിയുടെ ഭാഗമായേക്കും.
ഏഴ് ദിവസം മുതല്‍ 29 വരെ, 30-45, 46-90, 91-180, 181-364 , 365 ദിവസം വരെയായിരിക്കും വിവിധ പദ്ധതി കാലാവധികള്‍. 3.5 മുതല്‍ 6.35 ശതമാനം വരെയാകും വിവിധ പലിശ നിരക്കുകള്‍.