ചെറുകിട വായ്പ സൗകര്യം മെച്ചപ്പെടുത്തും; വഴിയോര കച്ചവടക്കാര്‍ക്ക് ആശ്വാസവുമായി കേന്ദ്രം
വഴിയോര കച്ചവടക്കാര്‍ക്കായി 2020 ജൂണില്‍ ചെറുകിട വായ്പ സൗകര്യമായ പിഎം സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിര്‍ഭര്‍ നിധി പദ്ധതി ആരംഭിച്ചിരുന്നു
വഴിയോര കച്ചവടക്കാര്‍ക്ക് ഈ വര്‍ഷം 3,000-5,000 രൂപ പരിധിയില്‍ ചെറുകിട വായ്പ (Micro credit) സൗകര്യം നല്‍കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കേന്ദ്ര ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചെറിയ വായ്പ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി സൗകര്യങ്ങള്‍ നല്‍കും. സമൂഹത്തിലെ സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ ഒന്നാണ് ചെറുകിട വായ്പകള്‍.
തുച്ഛമായ ഉപജീവനമാര്‍ഗം കണ്ടെത്തുകയും അതുകൊണ്ട് ജീവിക്കുകയും ചെയ്യുന്നവരാണ് സാധാരണക്കാരായ വഴിയോര കച്ചവടക്കാര്‍. അവര്‍ക്ക് ഇത്തരത്തില്‍ ചെറുകിട വായ്പ സൗകര്യം നല്‍കുന്നത് അവരുടെ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ സഹായിക്കും. ഇത് അവരുടെ സമഗ്രവികസനത്തിനും സാമ്പത്തിക ഉന്നമനത്തിനും സാഹയിക്കും. കൊവിഡ് പ്രതിസന്ധിയില്‍ നിന്നുള്ള വീണ്ടെടുക്കലിന് വഴിയോര കച്ചവടക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ചെറുകിട വായ്പ സൗകര്യമായ പിഎം സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിര്‍ഭര്‍ നിധി (SVANidhi) പദ്ധതി 2020 ജൂണില്‍ ആരംഭിച്ചിരുന്നു.
എല്ലാ പൗരന്മാരെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പരിധിയില്‍ കൊണ്ടു വരുന്നതിന് രാജ്യത്ത് 4 ജി, 5 ജി സേവനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏകദേശം 52,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സാങ്കേതികവിദ്യാ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇലക്ട്രോണിക് ചിപ്പ് നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.