എച്ച്.ഡി.എഫ്.സി ഓഹരി വിപണിയോട് വിടപറഞ്ഞു

നിക്ഷേപകര്‍ക്ക് ഗൃഹാതുരത്വം സമ്മാനിച്ച് എച്ച്.ഡി.എഫ്.സി അപ്രത്യക്ഷമായി, ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രം

Update:2023-07-12 15:51 IST

ഓഹരി വിപണിയില്‍ കഴിഞ്ഞ 45 വര്‍ഷമായി വ്യാപാരം ചെയ്യുന്ന എച്ച്.ഡി.എഫ്.സി ഓഹരികള്‍ ഇന്ന് ഡിലിസ്റ്റ് ചെയ്യും. ഭവന വായ്പാ സ്ഥാപനമായ എച്ച്.ഡി.എഫ്.സി എച്ച്.ഡി.എഫ്.സി ബാങ്കില്‍ ലയിച്ചതോടെയാണ് ഡീലിസ്റ്റിംഗ്. നാളെ മുതല്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികളില്‍ മാത്രമായിരിക്കും വ്യാപാരം.

എച്ച്.ഡി.എഫ്.സിയുടെ എല്ലാ ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷന്‍സ് കരാറുകളുടേയും (Futures & Options/F&O) കാലാവധി ഇന്ന് അവസാനിക്കും.  എച്ച്.ഡി.എഫ്.സി ഓഹരി ഉടമകള്‍ക്ക് ഓരോ 25 ഓഹരികള്‍ക്കും 45 എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ ലഭിക്കും. 25 ല്‍ താഴെ ഓഹരിയുള്ളവര്‍ക്ക് ആനുപാതികമായ എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ ലഭിക്കും.
ഓഹരി വിപണിയില്‍ ഉയര്‍ന്ന വെയിറ്റേജ്
ലയന ശേഷം ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ബാങ്കായി എച്ച്.ഡി.എഫ്.സി ബാങ്ക് മാറും. എച്ച്.ഡി.എഫ്‌.സി ബാങ്കിന്റെ മൊത്തം വിപണി മൂല്യം 14.5 ലക്ഷം കോടിയാകും. ഓഹരി വിപണിയിലും ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള കമ്പനിയായി എച്ച്.ഡി.എഫ്.സി ബാങ്ക് മാറും. നിലവില്‍ റിലയന്‍സ് ആണ് നിഫ്റ്റിയിലും സെന്‍സെക്‌സിലും ഏറ്റവും ഉയര്‍ന്ന വെയിറ്റേജ് ഉള്ള കമ്പനി. നാളെ മുതല്‍ 14.43 ശതമാനമായിരിക്കും എച്ച്.ഡി.എഫ്.സിയുടെ വെയിറ്റേജ്. റിലയന്‍സിന്റെ വെയിറ്റേജ് 10.9 ശതമാനത്തില്‍ നിന്ന് 10.8 ശതമാനമായി കുറയും.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റിയിലെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വെയിറ്റേജ് 26.9 ശതമാനത്തില്‍ നിന്നും 29.1 ശതമാനമായി ഉയരും. സൂചികാധിഷ്ഠിത ഫണ്ടുകളില്‍ നിന്നും 7 കോടി ഡോളര്‍ നിക്ഷേപം എച്ച്.ഡി.എഫ്.സി ബാങ്കിലെത്തും. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വെയിറ്റേജ് 24.4 ശതമാനത്തില്‍ നിന്നും 23.3 ശതമാനമായി കുറയും. എച്ച്.ഡി.എഫ്.സി ബാങ്കും ഐ.സി.ഐ.സി.ഐ ബാങ്കും ചേര്‍ന്നായിരിക്കും നിഫ്റ്റിയില്‍ 52.4 ശതമാനം വെയിറ്റേജ് കൈയാളുക. എസ്.ബി.ഐയുടെ വെയിറ്റേജ് 10.5 ശതമാനത്തില്‍ നിന്ന് 9.6 ശതമാനമാകും. കോട്ടക് ബാങ്കിന്റേത് 10.1 ശതമാനത്തില്‍ നിന്ന് 9.6 ശതമാനവും ആക്‌സിസ് ബാങ്കിന്റേത് 9.9 ശതമാനത്തില്‍ നിന്ന് 9.6 ശതമാനവുമാകും. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ്, ഫെഡറല്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബന്ധന്‍ ബാങ്ക് എന്നിവയുടെ വെയിറ്റേജും ഉയരും.

അവസാന വ്യാപാരം

1978 ലാണ് എച്ച്.ഡി.എഫ്.സി ലിസ്റ്റ് ചെയ്തത്. 1995 ല്‍ എച്ച്.ഡി.എഫ്.സി ബാങ്കും ലിസ്റ്റ് ചെയ്തു. 1995 മാര്‍ച്ച് 14 ന് എച്ച്.ഡി.എഫ്.സി ബാങ്ക് 50 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ഐ.പി.ഒ നടത്തുമ്പോള്‍ 10 രൂപയായിരുന്നു ഓഹരി വില. 53 മടങ്ങ് അധികം സ്‌ബൈസ്‌ക്രൈബ്ഡ് ആവുകയും ചെയ്തു.
അവസാന വ്യാപാര ദിനമായ ഇന്ന് എച്ച്.ഡി.എഫ്.സി ഓഹരികള്‍ 2,750.40 രൂപയിലാണ് ബി.എസ്.ഇയില്‍ വ്യാപാരം തുടങ്ങിയത്. എച്ച്.ഡിഎഫ്.സി ബാങ്ക് 1,652.35 രൂപയിലും. രാവിലെ നേട്ടത്തില്‍ തുടര്‍ന്ന ഓഹരികള്‍ പിന്നീട് നഷ്ടത്തിലേക്ക് നീങ്ങി.
Tags:    

Similar News