ഫെഡറല്‍ ബാങ്കിന് രണ്ടാം തവണയും ഐസിഎഐ പുരസ്‌കാരം

സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഒഴികെയുള്ള സ്വകാര്യ ബാങ്കുകളുടെ വിഭാഗത്തിലാണ് ഈ നേട്ടം

Update: 2023-01-24 13:30 GMT

image: @federalbank/website

ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് മികവിന് ഫെഡറല്‍ ബാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ICAI) സില്‍വര്‍ ഷീല്‍ഡ് പുരസ്‌കാരം നേടി. സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഒഴികെയുള്ള സ്വകാര്യ ബാങ്കുകളുടെ വിഭാഗത്തിലാണ് ഈ നേട്ടം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫെഡറല്‍ ബാങ്ക് ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്.

ആയുഷ് മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ദയാ ശങ്കര്‍ മിശ്രയില്‍ നിന്ന് ബാങ്കിന്റെ ഗ്രൂപ്പ് പ്രസിഡന്റും സിഎഫ്ഒയുമായ വെങ്കടരാമന്‍ വെങ്കടേശ്വരന്‍, ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ഫിനാന്‍ഷ്യല്‍ റിപോര്‍ട്ടിങ് ഹെഡുമായ മണികണ്ഠന്‍ എം എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഏറ്റവും പ്രശംസിക്കപ്പെടുന്ന ബാങ്കായി മാറുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിന്റെ ചുവടുവെപ്പാണ് തങ്ങള്‍ക്ക് ഈ പുരസ്‌കാരമെന്ന് വെങ്കടരാമന്‍ വെങ്കടേശ്വരന്‍ പറഞ്ഞു.

സ്ഥാപനങ്ങള്‍ അവരുടെ സാമ്പത്തിക പ്രസ്താവനകള്‍ തയ്യാറാക്കുമ്പോള്‍ സ്വീകരിക്കുന്ന അക്കൗണ്ടിംഗ് രീതികള്‍, കണക്കുകള്‍ വെളിപ്പെടുത്തുന്നതിന് സ്വീകരിച്ച നയങ്ങള്‍, സാമ്പത്തിക പ്രസ്താവനകളുടെ അവതരണം തുടങ്ങിയവയ്ക്കൊപ്പം വാര്‍ഷിക റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന മറ്റ് വിവരങ്ങളും വിലയിരുത്തി ഐസിഎഐയുടെ വിദഗ്ധ ജൂറിയാണ് അവാര്‍ഡിന്റെ അര്‍ഹത വിലയിരുത്തുന്നത്. സാമ്പത്തിക വിവരങ്ങള്‍ തയാറാക്കുന്നതിലും അവതരിപ്പിക്കുന്നതിലുമുള്ള മികവിനെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനായി ഐസിഎഐ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരങ്ങളിലൊന്നാണിത്.  

Tags:    

Similar News