ഓഹരി വില്‍പനയിലൂടെ ₹950 കോടി സമാഹരിച്ച് ഫെഡറല്‍ ബാങ്ക്

ബാങ്കില്‍ ഇതോടെ ഐ.എഫ്.സിയുടെ ഓഹരി പങ്കാളിത്തം 7 ശതമാനത്തിന് മുകളിലായി

Update: 2023-10-14 10:10 GMT

Image : Federal Bank website and IFC

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറല്‍ ബാങ്കില്‍ ഓഹരി പങ്കാളിത്തമുയര്‍ത്തി രാജ്യാന്തര ധനകാര്യ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐ.എഫ്.സി/IFC).

ഐ.എഫ്.സി., ഉപസ്ഥാപനങ്ങളായ ഐ.എഫ്.സി ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്‌ ഗ്രോത്ത് ഫണ്ട്, ഐ.എഫ്.സി എമര്‍ജിംഗ് ഏഷ്യ ഫണ്ട് എന്നിവ ചേര്‍ന്ന് ആകെ 7.32 ശതമാനത്തിലേക്കാണ് ഫെഡറല്‍ ബാങ്കിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയത്. ഈ പ്രിഫറന്‍ഷ്യല്‍ ഓഹരി വില്‍പന വഴി ഫെഡറല്‍ ബാങ്ക് 958.74 കോടി രൂപ സമാഹരിച്ചുവെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ ബാങ്ക് വ്യക്തമാക്കി. ഓഹരി ഒന്നിന് 131.91 രൂപ നിരക്കിലായിരുന്നു വില്‍പന. ഈ ഇടപാടിന് മുമ്പ് ഐ.എഫ്.സിക്കും ഉപകമ്പനികള്‍ക്കും കൂടി ഫെഡറല്‍ ബാങ്കിലുണ്ടായിരുന്ന ഓഹരി പങ്കാളിത്തം 4.46 ശതമാനമായിരുന്നു.
ഓഹരി പങ്കാളിത്തം കൂടുന്നു
ഇടപാടിന് ശേഷം ഫെഡറല്‍ ബാങ്കില്‍ ഐ.എഫ്.സിയുടെ മാത്രം ഓഹരി പങ്കാളിത്തം 3.86 ശതമാനത്തിലെത്തി. ഐ.എഫ്.സി ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്‌ ഗ്രോത്ത് ഫണ്ടിനും ഐ.എഫ്.സി എമര്‍ജിംഗ് ഏഷ്യ ഫണ്ടിനും 1.73 ശതമാനം വീതവുമാണ് ഓഹരി പങ്കാളിത്തം.
കഴിഞ്ഞമാസം അവസാനവാരമാണ് ഫെഡറല്‍ ബാങ്കില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ ഐ.എഫ്.സിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചത്. മൊത്തം ഓഹരി പങ്കാളിത്തം 9.7 ശതമാനം വരെ ഉയര്‍ത്താനാണ് നിലവില്‍ അനുമതി. ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഇന്നലെ 0.17 ശതമാനം നേട്ടത്തോടെ 149.55 രൂപയിലാണ് എന്‍.എസ്.ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത്.
Tags:    

Similar News